‘യാത്രയയപ്പ് ചടങ്ങിലെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു’: പി.പി.ദിവ്യയെ തള്ളി എം.വി.ഗോവിന്ദൻ
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ ദിവ്യ നടത്തിയ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഇക്കാര്യത്തിൽ ജില്ലാക്കമ്മിറ്റി പരിശോധിച്ചശേഷം നടപടിയെക്കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.‘‘അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകരുത്. കണ്ണൂർ, പത്തനംതിട്ട ജില്ലാക്കമ്മിറ്റികൾ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ വേദനയാണ് അനുഭവിക്കുന്നത്.
ഇങ്ങനെയൊന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു’’– എം. വി.ഗോവിന്ദൻ പറഞ്ഞു.പാലക്കാട്, ചേലക്കര, വയനാട് തിരഞ്ഞെടുപ്പുകളിൽ വേഗത്തിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാനാർഥി പ്രഖ്യാപനം നാളെയുണ്ടാകും. പാലക്കാട്ട് കോൺഗ്രസിനും ബിജെപിക്കും ഉള്ളിൽ പ്രശ്നങ്ങളുണ്ട്. അതുമാത്രം നോക്കി സ്ഥാനാർഥിയെ പ്രഖ്യാപിക്കാനാവില്ല. ഡോ.സരിൻ ഇന്നലെ പത്രസമ്മേളനം നടത്തിയിട്ടുണ്ട്. സരിൻ എന്തു നിലപാടാണ് സ്വീകരിക്കുക എന്നത് അടിസ്ഥാനമാക്കി മാത്രമാണ് സിപിഎം തുടർനടപടികൾ തീരുമാനിക്കുക. പാലക്കാട്ട് സിപിഎമ്മിന്റെ ഏറ്റവും വലിയ ശത്രു ബിജെപി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.