പ്രശസ്‌ത തെലുഗു നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

0
ravu

ഹൈദരാബാദ്: പ്രശസ്‌ത തെലുഗു നടനും ബിജെപി മുന്‍ എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ ഫിലിംനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസുഖബാധിതനായിരുന്നു. വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രീനിവാസ റാവു ശ്രദ്ധേയനാവുന്നത്.നാടക രംഗത്ത് നിന്നും 1978-ൽ ‘പ്രേമ ഖരീദു’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. കരിയറിൻ്റെ തുടക്കത്തിൽ സഹനടനായും മുൻനിര നടനായും വിവിധ സിനിമകളിൽ അഭിനയിച്ചു. കൂടാതെ 1999 മുതൽ 2004 വരെ വിജയവാഡ ഈസ്‌റ്റ് മണ്ഡലത്തിലെ ബിജെപി എംഎൽഎയായി അദ്ദേഹം സേവനമനുഷ്‌ഠിച്ചു.

1942 ജൂലൈ 10-ന് ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ കങ്കിപാടുവിലാണ് കോട്ട ശ്രീനിവാസ റാവു ജനിച്ചത്. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്‌തിട്ടുണ്ട്. 750 ലധികം സിനിമകളിൽ അഭിനയിച്ചു.

സൂപ്പർസ്റ്റാർ കൃഷ്‌ണ, ചിരഞ്ജീവി, ബാലകൃഷ്‌ണ, നാഗാർജുന, വെങ്കിടേഷ്, മഹേഷ് ബാബു, പവൻ കല്യാൺ, സായ് ധരം തേജ് തുടങ്ങിയ ടോളിവുഡിലെ മുൻനിര യുവ നായകന്മാർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു. തെലുഗുവിനെ കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും കോട്ട ശ്രീനിവാസ റാവു അഭിനയിച്ചിട്ടുണ്ട്.

‘അഹാന പെല്ലന്താ!’, ‘പ്രതിഗാഥ’, ‘യമുദിക്കി മൊഗുഡു’, ‘ഖൈദി നമ്പർ: 786’, ‘ശിവ’, ‘ബോബിലി രാജ’, ‘യമലീല’, ‘സന്തോഷം’, ‘ബൊമ്മരില്ലു’, ‘അത്താടു’, ‘കിക്ക്’ തുടങ്ങിയവ ഇദ്ദേഹത്തിൻ്റെ മികച്ച ചിത്രങ്ങളാണ്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് 2015 ലെ പത്മശ്രീയും മറ്റ് നിരവധി അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *