കുടുംബവാഴ്ച: സ്ഥാനാർഥി പട്ടികയ്ക്ക് പിന്നാലെ ജാർഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി, കൂട്ടരാജി
റാഞ്ചി∙ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ജാർഖണ്ഡ് ബിജെപിയിൽ കുടുംബവാഴ്ച ആരോപിച്ച് നിരവധി നേതാക്കൾ രാജിവച്ചു. എംഎൽഎമാർ ഉൾപ്പെടെ പത്തോളം പേരാണ് രാജിവച്ചത്. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യക്കും, ചംപയ് സോറന്റെ മകനും സീറ്റ് നൽകിയതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. പിന്നാലെ മുൻ മുഖ്യമന്ത്രി രഘുബർദാസിന്റെ മരുമകൾക്ക് അടക്കം നിരവധി പേർക്ക് ബിജെപി സീറ്റ് നൽകി. ഇതോടെയാണ് ബിജെപിയിൽ കുടുംബ വാഴ്ചയുണ്ടെന്ന ആരോപണവുമായി നേതാക്കൾ രംഗത്തെത്തിയത്. സ്ഥാനാർഥി നിർണയം പാർട്ടി പ്രവർത്തകരോടുള്ള വഞ്ചനയാണെന്നാണ് ആരോപണം.
നിയമസഭ സ്ഥാനാർഥി പട്ടികയിലെ പ്രമുഖർ
∙ മീര മുണ്ട – മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യ
∙ ബാബുലാൽ സോറൻ – ചംപയ് സോറന്റെ മകൻ
∙ പൂർണിമ ദാസ് – മുൻ മുഖ്യമന്ത്രി രഘുബർദാസിന്റെ മരുമകൾ
∙ ശത്രുഘ്നൻ മഹ്തോ – ബിജെപി എംപി ഡുള്ളു മഹ്തോയുടെ സഹോദരൻ
∙ റോഷൻ ലാൽ ചൗധരി – ബിജെപി നേതാവ് ചന്ദ്രപ്രകാശ് ചൗധരിയുടെ സഹോദരന്‍
∙ രാഗിണി സിങ് – മുൻ എംഎൽഎ സഞ്ജീവ് സിങ്ങിന്റെ ഭാര്യ
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. 21 സീറ്റുകളിലേക്കാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് അജോയ് കുമാർ ജംഷഡ്പൂർ ഈസ്റ്റിലും നിലവിലെ ധനമന്ത്രി രമേശ്വർ ഒറൗൺ ലോഹർദഗയിലും മത്സരിക്കും. ജെഎംഎം, കോൺഗ്രസ് പാർട്ടികൾ ചേർന്ന് 70 സീറ്റുകളിൽ മത്സരിക്കുമെന്നാണ് ഇന്ത്യ മുന്നണിയുടെ പ്രഖ്യാപനം. ബാക്കി സീറ്റുകൾ ആർജെഡിക്കും ഇടതുപക്ഷ പാർട്ടികൾക്കും നൽകാനാണ് ധാരണ