കുടുംബമാണ് ഏറ്റവും വലിയ കലാലയം: മാർ ജോസഫ് കല്ലറങ്ങാട്ട്

0

 

പാലാ: കുടുംബമാണ് ഏറ്റവും വലിയ കലാലയമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളാണ് ഏറ്റവും നല്ല അധ്യാപകർ. നമ്മുടെ കുട്ടികൾക്കുവേണ്ടി എന്ത് ത്യാഗം ചെയ്താലും അത് നഷ്ടമാകില്ല. കുട്ടികൾ സ്നേഹവും വാൽസല്യവുമെല്ലാം കരസ്ഥമാക്കുന്നത് കുടുംബത്തിൽ നിന്നുമാണ്.

കുടുംബത്തിൻ്റെ തുടർച്ചയാണ് കലാലയങ്ങൾ. പള്ളിക്കൂടത്തിൽ വരുമ്പോൾ വേറൊരു ലോകത്തിൽ എത്തിയതായി കുട്ടികൾക്കു തോന്നരുത്. വീട്ടിൽ കുട്ടികളെ എങ്ങനെ കരുതൽ നൽകുന്നുവോ അങ്ങനെ തന്നെയാണ് പള്ളിക്കൂടങ്ങളിൽ അധ്യാപകർക്ക് കുട്ടികളോടുള്ള കരുതൽ എന്നും മാർ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി. എത്ര വലിയ കലാലയത്തിൽ പഠിച്ചാലും പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളും വിദ്യാഭ്യാസം നൽകിയ അധ്യാപകരുമായിരിക്കും ഏവരുടെയും മനസിൽ തങ്ങിനിൽക്കുകയെന്നും അദ്ദേഹം പറഞ്ഞു.

മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിച്ചു. കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ ജോർജ് പുല്ലുകാലായിൽ അനുഗ്രഹപ്രഭാഷണം നടത്തി. മാണി സി കാപ്പൻ എം എൽ എ പൂർവ്വ അധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു. ശതാബ്ദി സ്മാരക സ്റ്റാമ്പിൻ്റെ പ്രകാശനവും ഫിലാറ്റെലിക് ക്ലബ്ബിൻ്റെ ഉദ്ഘാടനവും മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ നിർവ്വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ജോസ് ജെ ചീരാംകുഴി, ബൈജു കൊല്ലംപറമ്പിൽ, സിജി ടോണി, പൂർവ്വ വിദ്യാർത്ഥികളായ ഓസ്റ്റിൻ ഈപ്പൻ അഞ്ചേരിൽ, ഡോ കെ ഇ ജോർജ്കുട്ടി കദളിക്കാട്ടിൽ, മുൻ കൗൺസിലർ ആൻ്റണി മാളിയേക്കൽ, പി ടി എ പ്രസിഡൻ്റ് ടോണി ആൻ്റണി, ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളംപുഴ, എബി ജെ ജോസ്, നിതിൻ സി വടക്കൻ, ശാലിനി ജോയി എന്നിവർ പ്രസംഗിച്ചു. തുടർന്നു സ്കോളർഷിപ്പ് വിതരണവും സമ്മാനദാനവും നടത്തി. ശതാബ്ദിയോടനുബന്ധിച്ച് സ്കൂൾ അധ്യാപകൻ ജോബിൻ എസ് തയ്യിൽ സംവീധാനം ചെയ്ത തിരികെ എന്ന ഷോർട്ട് ഫിലിം ചടങ്ങിൽ വച്ച് പുറത്തിറക്കി. തുടർന്നു സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടിയായ ലൂമിനോസയും പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഗാനമേളയും നടന്നു. രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ പൂർവ്വ വിദ്യാർത്ഥിയായ ജസ്റ്റിൻ എഫ്രേം തയ്യാറാക്കിയ പെയിൻ്റിംഗ് ചിത്രങ്ങളുടെ എക്സിബിഷൻ മരിയസദനം ഡയറക്ടർ സന്തോഷ് ജോസഫ് ഉദ്ഘാടനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *