ഇംഗ്ലണ്ടിനെ ‘കറക്കി വീഴ്ത്താൻ’ പാക്കിസ്ഥാൻ, പിച്ചൊരുക്കാൻ കൂറ്റൻ ഫാനുകളും; ചിത്രങ്ങൾ, വിഡിയോ വൈറൽ

0

 

റാവൽപിണ്ടി∙  ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനോടേറ്റ നാണംകെട്ട തോൽവിക്ക് രണ്ടാം ടെസ്റ്റിലെ തകർപ്പൻ വിജയത്തോടെ തിരിച്ചടിച്ച പാക്കിസ്ഥാൻ, ഏതു വിധേനയും മൂന്നാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള തീവ്ര ശ്രമത്തിൽ. ഇതിന്റെ ഭാഗമായി, രണ്ടാം ടെസ്റ്റ് നടന്ന മുൾട്ടാനിലേതിനു സമാനമായി മൂന്നാം ടെസ്റ്റ് നടക്കുന്ന റാവൽപിണ്ടിയിലെ പിച്ച് സ്പിന്നിന് അനുകൂലമാക്കാനുള്ള ശ്രമങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. മത്സരം നടക്കേണ്ട പിച്ചിന്റെ ഇരുവശത്തും വലിയ ഫാനുകൾ ഉൾപ്പെടെ സ്ഥാപിച്ചാണ് ഇംഗ്ലണ്ടിന് ‘സ്പിൻ കെണി’ ഒരുക്കാനുള്ള നീക്കം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലായി.

റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ക്യുറേറ്റർമാരാണ്, വലിയ ഫാനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പിച്ച് ഉണക്കുന്നത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് നാളെ മുതലാണ് റാവൽപിണ്ടിയിൽ ആരംഭിക്കുക. ഒന്നാം ടെസ്റ്റിൽ വിജയം നേടിയ ഇംഗ്ലണ്ടിനെ രണ്ടാം ടെസ്റ്റിൽ വീഴ്ത്തി പാക്കിസ്ഥാൻ ഒപ്പമെത്തിയിരുന്നു. സ്വന്തം നാട്ടിൽ 11 മത്സരങ്ങൾക്കു ശേഷമാണ് പാക്കിസ്ഥാൻ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്.ഒന്നാം ടെസ്റ്റിൽ ഉപയോഗിച്ച അതേ പിച്ച് തന്നെ മുൾട്ടാനിലും ഉപയോഗിച്ചാണ് പാക്കിസ്ഥാൻ 152 റൺസിന്റെ വിജയം പിടിച്ചെടുത്തത്.

സ്പിന്നർമാരായ നൊമാൻ അലിയും സാജിദ് ഖാനും ചേർന്നാണ് മുൾട്ടാനിൽ രണ്ട് ഇന്നിങ്സിലുമായി ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകളും വീഴ്ത്തിയത്. മൂന്നു വർഷത്തിനിടെ നാട്ടിൽ പാക്കിസ്ഥാൻ നേടുന്ന ആദ്യ ജയം കൂടിയായിരുന്നു ഇത്.വരണ്ട പിച്ചിൽ നേടിയ വിജയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റാവൽപിണ്ടിയിലും സമാനമായ രീതിയിലുള്ള പിച്ച് ഒരുക്കുന്നത്. പിച്ച് ഉണക്കിയെടുക്കുന്നതിനാണ് ക്യുറേറ്റർമാർ വലിയ ഫാനുകൾ ഉൾപ്പെടെ ഉപയോഗിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *