വെളിച്ചെണ്ണയുടെ വ്യാജൻ 350 രൂപയ്‌ക്ക്, വിൽപന വ്യാപകം

തിരുവനന്തപുരം: വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപയ്ക്ക് മുകളിലായതോടെ വിപണിയിൽ പിടിമുറുക്കി വ്യാജന്മാർ. 350 രൂപയ്ക്ക് വരെ ലഭിക്കുന്ന വ്യാജ വെളിച്ചെണ്ണകൾ ഓണം ലക്ഷ്യമിട്ടാണ് വിപണിയിലെത്തിയത്. ഇതേത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കടുപ്പിച്ചു. പേരില്ലാതെ കുപ്പികളിൽ നിറച്ച് വിൽക്കുന്നതും വ്യാപകമാണ്.വെളിച്ചെണ്ണയിൽ പാമോയിലും മറ്റ് വിലകുറഞ്ഞ എണ്ണകളും കലർത്തിയാണ് വ്യാജന്മാരെ നിർമ്മിക്കുന്നത്. കേര ഫെഡിന്റെ കേരള വെളിച്ചെണ്ണയോട് സാമ്യമുള്ള പായ്ക്കറ്റുകളിലും വ്യാജന്മാരെത്തുന്നുണ്ട്. കേരള നാട്, കേരള ശുദ്ധി, കേരള സുഗന്ധി തുടങ്ങിയ പേരുകളിലാണ് വ്യാജന്മാർ. ഇതിൽ കേരള എന്നത് മാത്രം വലുപ്പത്തിലെഴുതിയാണ് തട്ടിപ്പ്. അതേസമയം കൊപ്രയ്ക്ക് 280 രൂപയായതിനാൽ വെളിച്ചെണ്ണ 500 രൂപയിൽ കുറഞ്ഞ് വിൽക്കാനാകില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
ഭക്ഷ്യസുരക്ഷാവകുപ്പ് രണ്ടാഴ്ച മുമ്പ് ഓപ്പറേഷൻ നാളികേരയെന്ന പേരിൽ 980 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റുകളും മൊത്ത,ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. 161സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കയച്ചു. ഈ ആഴ്ച ഫലം ലഭിക്കും. 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഏഴ് സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസ് നൽകി. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ സംശയമുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ പരാതി ടോൾ ഫ്രീ നമ്പറായ 1800 425 1125ൽ അറിയിക്കാം.
90 തൊട്ട് തേങ്ങവില
വെളിച്ചെണ്ണ വില ലിറ്ററിന് 500 രൂപ +
തേങ്ങ വില (കിലോയ്ക്ക്) 90
കൊപ്ര വില (കിലോയ്ക്ക്) 280
മില്ലുകളിലെ വെളിച്ചെണ്ണയ്ക്ക് 450’മായം ചേർത്ത വെളിച്ചെണ്ണ വിപണിയിലെത്താവുന്ന സാഹചര്യം കണക്കിലെടുത്താണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കിയത്. മായവെളിച്ചെണ്ണയ്‌ക്കെതിരെ ജനം ജാഗ്രത പാലിക്കണം. വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ നിർമ്മാതാക്കളും കച്ചവടക്കാരും ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു