വ്യാജ കുറ്റപത്രം: ഇൻസ്പെക്ടർക്കും സംഘത്തിനുമെതിരെ കേസ്
കൊല്ലം : നടന്നിട്ടില്ലാത്ത സംഭവത്തിന് ക്രിമിനൽ കേസിലെ പ്രതികളെ ഉപയോഗിച്ച് ചവറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ഏ. നിസാമുദീനും സംഘവും ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി നിരപരാധിയെ കള്ളകേസിൽ കുടുക്കി കോടതിയിൽ വ്യാജ കുറ്റപത്രം നൽകിയ കേസിലാണ് ചവറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരിട്ട് കേസ് എടുത്തത്. ഐ പി സി 193,120(ബി ), 468,477,211,500 & 34 വകുപ്പുകൾ ഇട്ടാണ് കേസ് എടുത്തത്. 2021 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
വീട് കയറി ആക്രമണം നടത്തിയ കേസിൽപ്പെട്ട് ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന റിട്ടയേർഡ് പൊലീസുകാരൻ ചവറ തോട്ടിന് വടക്ക് പുലരിയിൽ അബ്ദുൽ റഷീദിന് വേണ്ടിയായിരുന്നു കള്ള കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പരാതി ആയപ്പോൾ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം രണ്ട് ഡി വൈ എസ് പി മാർ പുനഃ അന്വേഷണം നടത്തിയപ്പോൾ തെളിഞ്ഞത് കേസ് കെട്ടിചമ്മച്ചത് ആണെന്നായിരുന്നു. സംഭവം നടന്നതായി പറയുന്ന ദിവസം സംഭവ സ്ഥലത്ത് സമയത്ത് വാദിയും പ്രതിയും സാക്ഷികളും ഇല്ലായിരുന്നുവേന്ന് പുനഃ അന്വേഷണവേളയിൽ തെളിഞ്ഞിരുന്നു.
നിലവിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിട്ട് ജോലി ചെയ്യുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര മൈത്രി നഗർ മാമ്പള്ളിൽ വീട്ടിൽ നിസാമുദീനും റിട്ടയേർഡ് പൊലീസുകാരനും ബന്ധുക്കൾ ആയിരുന്നു. ആ സ്വാധീനത്തിലാണ് കൃത്രിമമായി കേസ് രജിസ്റ്റർ ചെയ്ത് ചവറ മജിസ്ട്രേറ്റ് കോടതിയിൽ ചാർജ് നൽകിയത്. നീതിക്ക് നിരക്കാത്ത തരത്തിൽ നിരപരാധിയെ അന്യായമായി കള്ള കേസിൽ കുടുക്കി ജയിലിൽ ഇടാൻ ശ്രമിച്ച ഇൻസ്പെക്ടർ ഏ.നിസാമുദീൻ കൂടാതെ മറ്റ് അഞ്ച് പ്രതികളെ കൂടി ചേർത്താണ് കോടതി നേരിട്ട് കേസ് എടുത്ത് വിചാരണ തുടങ്ങിയത്. പരാമർശി കാലയളവിൽ ചവറ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഗ്രേഡ് എസ് ഐ തെക്കുംഭാഗം സ്വദേശി സി. രാധാകൃഷ്ണൻ, ഗ്രേഡ് എസ് ഐ കരുനാഗപ്പള്ളി സ്വദേശി ആർ മദൻ, തെക്കുംഭാഗം സ്വദേശി ഡോക്ടർ ആര്യൻ എം ജി, റിട്ടയേർഡ് ഗ്രേഡ് എസ്. ഐ. അബ്ദുൽ റഷീദ്, നീണ്ടകര വേട്ടുതറ സ്വദേശിനി ജ്യോതി ലക്ഷ്മി എന്നിവരാണ് മറ്റ് പ്രതികൾ.
2021 ൽ വീട് കയറി ആക്രമണം നടത്തിയതിന് കരുനാഗപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി പട്ടികയിൽ ഉൾപ്പെട്ട് ദിവസങ്ങളോളം തിരുവനന്തപുരം അട്ടകുളങ്ങര ജയിലിൽ റിമാൻഡിൽ കഴിഞ്ഞ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ വെച്ച് റിട്ടയേർഡ് എസ് ഐ അബ്ദുൽ റഷീദിനെ ഉപദ്രവിച്ച് ചീത്ത വിളിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു പരാതിക്കാരനെതിരെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തി കേസ് രജിസ്റ്റർ ചെയ്ത് പത്ത് ദിവസത്തിനകം കോടതിയിൽ ചാർജ് റിപ്പോർട്ട് നൽകിയത്. ഡോക്ടർ ആര്യൻ എം ജി യുടെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് പിൻബലത്തിലാണ് കേസ് എടുത്തത്. കേസ് എടുക്കുന്നതിന് വേണ്ടി പൊലീസ് എടുത്ത മൊഴിയും ഡോക്ടർ എഴുതി നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റും വ്യാജമാണെന്ന് പിന്നീട് നടത്തിയ പുനഃ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
പ്രതികളായ സി ഐ ഉൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യാജ മൊഴിയും മെഡിക്കൽ സർട്ടിഫിക്കറ്റും ഉപയോഗിച്ച് കൃതൃമമായി കേസ് ഉണ്ടാക്കി കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തത്. അത് ബോധ്യപ്പെട്ട കോടതി പ്രതികൾക്കെതിരെ കുറ്റം ചുമത്തി സമൻസ് അയച്ച് നിയമ നടപടി ആരംഭിച്ചത്. ചവറ കരുനാഗപ്പള്ളി കോടതികളിൽ വിചാരണയിലിരിക്കുന്ന ഒട്ടേറെ കേസുകളിലെ പ്രതികളായ അബ്ദുൽ റഷീദിനെയും ജ്യോതിലക്ഷ്മിയെയും ഉപയോഗിച്ച് അവരുടെ സഹായത്തോടെയാണ് ചവറ പൊലീസ് കള്ള കേസ് എടുത്തത്.
റിട്ടയേർഡ് പൊലീസുകാരൻ അബ്ദുൽ റഷീദ് അയാളുടെ അഭിഭാഷകനായ മകന് വക്കീൽ ഓഫീസ് നിർമ്മിക്കുന്നതിന് വേണ്ടി ചവറ പൊലീസ് സ്റ്റേഷന് പുറകിൽ ക്ഷേത്രത്തിന് മുൻവശം വയൽ നികത്തി ഒരു കെട്ടിടം നിർമ്മിച്ചതിനെതിരെ പരാതി ആയതിനെ തുടർന്ന് കെട്ടിടം പൊളിച്ച് നീക്കി സ്ഥലം പൂർവ്വസ്ഥിതിയിലാക്കാൻ കോടതി വിധി വന്നയുടനെയാണ് അബ്ദുൽ റഷീദും സംഘവും പരാതിക്കാരനെ വീട് കയറി ആക്രമണം നടത്തിയ കേസിൽപ്പെട്ട് ജയിലിൽ കിടന്നത്. ആ കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് ബന്ധുവായ സി ഐ നിസാമുദീൻ അബ്ദുൽ റഷീദിന് വേണ്ടി കൃത്രിമമായി കേസ് രജിസ്റ്റർ ചെയ്ത് നൽകിയത്. കേസിലെ ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ അനധികൃതമായും നിയമവിരുദ്ധമായും സംഘം ചേർന്ന് പൊലീസ് വകുപ്പിലെയും കോടതിയിലെയും നടപടി ക്രമങ്ങൾ സ്വാർത്ഥ താല്പര്യത്തിനും വ്യക്തി വൈരാഗ്യം തീർക്കാനും വേണ്ടി ഉപയോഗിച്ച് ജനങ്ങൾക്ക് കോടതിയോടും പൊലീസിനോടും അവമതിപ്പ് ഉണ്ടാക്കുന്നതിന് ശ്രമിക്കുകയാണ് ചെയ്തത്.
കേസിൽ ഉൾപ്പെട്ട ആറു പ്രതികളിൽ നാല് പേർ പൊലീസുദ്യോഗസ്ഥരാണ്. അതിൽ മൂന്ന് പേർ പൊലീസ് വകുപ്പിൽ നിന്നും വിരമിക്കുകയും ചെയ്തു. വ്യാജ കേസിനാസ്പദമായ കൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നു എന്ന് വ്യാജ മൊഴി നൽകിയ യുവതിയും വ്യാജ വുണ്ട് സർട്ടിഫിക്കറ്റ് എഴുതി നൽകിയ ഡോക്ടറും മറ്റ് രണ്ട് പ്രതികളാണ്.കള്ള കേസിൽ കുടുക്കി പ്രതിയാക്കിയ വിവരാവകാശ പ്രവർത്തകൻ വി. ശ്രീകുമാർ കോടതി മുൻപാകെ നേരിട്ട് ഹാജരായി സ്വയം വാദിച്ച കേസിലാണ് സി ഐ ഉൾപ്പെടെയുള്ള ആറു പ്രതികൾ കുടുങ്ങിയത്. നിരപരാധിയായ ശ്രീകുമാറിനെതിരെ 2021 ൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പത്ത് ദിവസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയാണ് ചെയ്തത്. സംഭവം വിവാദമായതിനെ തുടർന്ന് കേസ് പുനർഅന്വേഷണം നടത്തി റഫർ റിപ്പോർട്ട് നൽകി കേസ് കോടതി നടപടികളിൽ നിന്നും കുറവ് ചെയ്തിരുന്നു. അതിന് ശേഷം ആണ് തനിക്കെതിരെ കള്ള കേസ് എടുത്ത പ്രതികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ശ്രീകുമാർ കോടതിയെ നേരിട്ട് സമീപിച്ച് അനുകൂല വിധി നേടിയത്.