യാത്രാപ്രശ്നം /ഫെയ്മ ഭാരവാഹികൾ കേന്ദ്ര റെയിൽവേ മന്ത്രിക്ക് നിവേദനം നൽകി
മുംബൈ: മഹാരാഷ്ട്ര മലയാളികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ റെയിൽവേ വകുപ്പ് കേന്ദ്രമന്ത്രി, അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
പശ്ചിമ-മധ്യ മേഖലകളിൽ വസിക്കുന്ന മലയാളികൾ അനുഭവിക്കുന്ന യാത്രാ ദുരിതങ്ങൾക്ക് പരിഹാരം ലഭിക്കുന്നതിനു വേണ്ടി നൽകിയ , വിവിധ എം പി മാരുടെ കത്തുകൾ ജനറൽ മാനേജർ, ഡിവിഷണൽ റെയിൽവേ മാനേജർ , സ്റ്റേഷൻ മാനേജർ എന്നിവർക്കു നൽകിയ നിവേദനത്തിൻ്റെ പകർപ്പുകൾ എന്നിവ ചേർത്താണ് നിവേദനം കൈമാറിയത്.
ഫെയ്മ മഹാരാഷ്ട്ര ട്രഷറർ അനു ബി നായർ, ഫെയ്മ മഹാരാഷ്ട്ര റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷൻ സെക്രട്ടറി ശിവപ്രസാദ് കെ നായർ, ഫെയ്മ മഹാരാഷ്ട്ര റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷൻ വെസ്റ്റേൺ സോൺ കൺവീനർ ജോഷി തയ്യിൽ , ബോറിവിലി മലയാളി സമാജം ജോയിൻ്റ് സെക്രട്ടറിയും യാത്ര കൺവീനറും, ബി ജെ പി മുംബൈ സൗത്ത് സെൽ സെക്രട്ടറിയുമായ സിമി നായർ, ബി ജെ പി മുംബൈ സൗത്ത് സെൽ പ്രസിഡണ്ട് എൻ.മുത്തു കൃഷ്ണൻ, മുംബൈ സെൻട്രൽ, ഹാർബർ ഫെയ്മ മഹാരാഷ്ട്ര റെയിൽ പാസഞ്ചേഴ്സ് അസോസ്സിയേഷൻ കൺവീനർമാരായ കേശവമേനോൻ, മായാ ദേവിഎന്നിവരുൾപ്പെട്ട നിവേദക സംഘം മുംബൈ വെസ്റ്റേൺ, സെൻട്രൽ മേഖലകളിലെ യാത്രാ വിഷയങ്ങൾ റെയിൽവെ വകുപ്പ് മന്ത്രിയുമായി ചർച്ചചെയ്തു.
വെസ്റ്റേൺ മേഖലയിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി ബാന്ദ്ര ടെർമിനസിൽന്നും വൽസാഡിൽ നിന്നും കേരളത്തിലേക്ക് ട്രെയിൻ, ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് ഒരു പുതിയ പ്രതിദിന ട്രെയിൻ, 12201ഗരീബ് രഥ് , 22113 LTT കൊച്ചുവെളി എക്സ്പ്രസ്സ് എന്നിവ പ്രതിദിനമാക്കുക, ഓണം ദീപാവലി, ക്രിസ്തുമസ്സ്, പുതുവർഷം ,ശബരിമല മണ്ഡലകാലം ,സ്കൂൾ വേനലവധിക്കാലം എന്നീ അവസരങ്ങളിൽ അവധികാല ട്രെയിനുകൾ അതാതു സമയങ്ങളിൽ മുൻകൂട്ടി പ്രഖ്യാപിച്ച് മുൻകൂർ ടിക്കറ്റ് ബുക്കിങ്ങിന് അവസരമൊരുക്കുക , കൊങ്കൺ റൂട്ടിൽ റെയിൽ പാതകൾ ഇരട്ടിയാക്കുക , ഡോംബിവ്ലി- കോപ്പർ സ്റ്റേഷനിൽ എക്സ്പ്രസ്സ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക മുതലായ ആവശ്യങ്ങളാണ് നിവേദനത്തിലുണ്ടായിരുന്നത് എന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.
നിവേദനം സ്വീകരിച്ച മന്ത്രി ഉചിതമായ തീരുമാനങ്ങളെടുക്കുമെന്ന് ഉറപ്പ് നൽകിയതായി ‘ഫെയ്മ’ അറിയിച്ചു.