‘പടവെട്ട്’ സംവിധായകനിൽനിന്ന് പീഡനം നേരിട്ട അതിജീവിത;ശരീരഭാരം 64 ൽനിന്ന് 28 ആയി

0

സിനിമാ മേഖലയിലെ ദുരനുഭവങ്ങൾ പങ്കുവെച്ച് കൂടുതൽ പേർ രം​ഗത്ത്. പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് പറഞ്ഞ് നേരത്തേ യുവതി രം​ഗത്തെത്തിയിരുന്നു. 2022-ൽ ഇവർ ഉന്നയിച്ച ​ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് ലിജു കൃഷ്ണയെ അറസ്റ്റ് ചെയ്തിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് ഇപ്പോൾ വീണ്ടും അവർ തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ്. ചികിത്സ ഇപ്പോഴും തുടരുകയാണെന്നും ശക്തമായി കുറച്ചുമനുഷ്യർ തനിക്കൊപ്പം നിലകൊള്ളുന്നുവെന്നും യുവതി പറഞ്ഞു.

വലിയ ക്രൂരതയ്ക്കിരയായി ഇപ്പോഴും കിടപ്പിലാണെന്ന് അതിജീവിത പറഞ്ഞു. പുറത്തേക്കിറങ്ങാൻ ഇപ്പോഴും ആയിട്ടില്ലെന്നതാണ് സത്യം. 26-ാമത്തെ വയസിലാണ് ഇത് സംഭവിച്ചത്. ആ സമയത്ത് പഠനം കഴിഞ്ഞ് ജോലി നേടിയിരുന്നു. ഭീകരമായൊരു ഓർമയാണത്. എന്താണതിനെ വിളിക്കേണ്ടതെന്നും അറിയില്ല. ഇപ്പോഴാണ് തെറാപ്പി മറ്റൊരു തലത്തിലെത്തിയത്. തന്റെ ഡോക്ടർമാരും തെറാപ്പിസ്റ്റുകളുമെല്ലാം സ്ത്രീകളാണെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. വർഷങ്ങളായുള്ള തന്റെ സുഹൃത്തും എല്ലാമായ ഒരു വ്യക്തി നിഴൽപോലെ കൂടെയുണ്ടായിരുന്നു. കഴിഞ്ഞവർഷം കുടുംബവും എല്ലാവരും ചേർന്ന് ആ ബന്ധം നിയമപരമാക്കിയെന്നും അവർ പറഞ്ഞു.

“നോക്കൂ ഒരു പെൺകുട്ടി അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ വിവാഹംചെയ്യുന്നതുപോലും ട്രോമയിലിരുന്നുകൊണ്ടാണ്. അത്രയും പൊളിറ്റിക്കലായതുകൊണ്ടാണ് ആ വ്യക്തി ഇത്രയുംകാലം എനിക്കൊപ്പം നിന്നത്. മറ്റൊരു അതിജീവിതയായിരുന്നെങ്കിൽ അവർക്ക് ഇതേപോലെ സംഭവിക്കുമായിരുന്നില്ല. സ്ത്രീക്ക് ഒരപകടം പറ്റിയാൽപ്പോലും ഉപേക്ഷിച്ചുപോവുന്നവരുണ്ട് നമ്മുടെ സമൂഹത്തിൽ. അതുവെച്ച് നോക്കുമ്പോൾ ഞാൻ വളരെ ഭാ​ഗ്യവതിയാണ്.

ആശുപത്രിയിലായിരുന്നു മാസങ്ങളോളം. ചിലസമയത്ത് നടക്കാൻ പറ്റില്ല. എനിക്ക് ആരുടേയും സഹതാപത്തിന്റെ ആവശ്യമില്ല. എന്റേതെന്ന് പറയാവുന്ന മനുഷ്യർ എനിക്കായി അനുകമ്പ പ്രകടിപ്പിക്കുന്നുണ്ട്. അതുമതി എനിക്ക്. ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ അതിജീവിതമാർക്ക് ശബ്ദമുണ്ടെന്ന് പറയാൻ എനിക്ക് തോന്നിയിരുന്നു. അതിജീവിച്ചവർ ജീവിക്കാൻപോലും കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം 24 മണിക്കൂറെന്നത് 24 വർഷങ്ങൾക്ക് തുല്യമാണ്. അതൊന്നും ഇവിടെ വന്ന് ആരുടേയും മുന്നിൽ അവർ സംസാരിക്കണമെന്നില്ല. റേപ്പിസ്റ്റുകൾക്ക് ഈ ധൈര്യം കിട്ടുന്നത് സിനിമാ ഇൻഡസ്ട്രി ആയതുകൊണ്ട് മാത്രമാണ്.

കഴിഞ്ഞദിവസം ഒരു സൂപ്പർതാരം ഇവിടെവന്ന് ചോദിക്കുന്നത് ഞങ്ങളെ നിങ്ങൾക്കറിയില്ലേ എന്നാണ്. അവരെ നമ്മൾ കൂടുതൽ അറിഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാ മേഖലകളിലും ഇത് നടക്കുന്നില്ലേയെന്നാണ് താരതമ്യം ചെയ്യുന്നത്. എങ്ങനെയാണ് എല്ലാ മേഖലയും സിനിമാ മേഖലയും ഒന്നാവുന്നത്? എല്ലാ മേഖലയും പോലെയാണ് സിനിമാ ഇൻഡസ്ട്രി? കോടികൾ മറിയുന്ന മേഖലയാണിത്. സിനിമയിൽ പ്രവർത്തിക്കുന്നവർക്ക് കിട്ടുന്നതുപോലെയുള്ള സൗഭാ​ഗ്യങ്ങളോ പ്രതിഫലമോ മറ്റേതെങ്കിലും ഇൻഡസ്ട്രിയിലുള്ളവർക്ക് കിട്ടുന്നുണ്ടോ? സാധാരണക്കാർ അവരെ കാണുന്നതിനെ ആരാധനയെന്നല്ല വിളിക്കേണ്ടത്. നിങ്ങൾ ഞങ്ങളെ ഇങ്ങനെ കണ്ടാൽ മതിയെന്ന് സിനിമാക്കാർ തീരുമാനിച്ചതാണ്.” അവർ അഭിപ്രായപ്പെട്ടു.

കോവിഡ് സമയത്താണ് ദുരനുഭവമുണ്ടായത്. തന്നെ ബലാത്സം​ഗം ചെയ്തതാണെന്ന് അവർക്ക് മനസിലായി. ജീവനോടെ പുറത്തുവിട്ടാൽ താനിത് വെളിപ്പെടുത്തുമെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നും അവർക്കറിയാമായിരുന്നു. അതുകൊണ്ട് രണ്ടുവർഷം എന്നെ അടിച്ചമർത്തിവെച്ചു. 64 കിലോയിൽനിന്ന് 28 കിലോ ശരീരഭാരത്തിലെത്തി ഞാൻ. അവരെന്നെ പലരീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്നും പണം തരാമെന്നും പറഞ്ഞു. ലിജു കൃഷ്ണയ്ക്കുവേണ്ടി പലരും ഇടപെട്ടെന്നും അതിജീവിത വെളിപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *