എഫ്-35ബി ഫൈറ്റർ ജെറ്റ് തകരാറ് പരിഹരിച്ചു :തിരുവന്തപുരത്തുനിന്നും ബ്രിട്ടീഷ് എൻജിനീയറിങ് സംഘം മടങ്ങി

തിരുവനന്തപുരം: അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി എഫ്-35ബി ഫൈറ്റർ ജെറ്റ്തിരികെ പോയതിന് പിന്നാലെ, ജൂലൈ 6 മുതൽ നഗരത്തിൽ ഉണ്ടായിരുന്ന 17 അംഗ യുകെ എൻജിനീയറിങ് സംഘം ബുധനാഴ്ച രാത്രിയോടെ മടങ്ങി.
ബ്രിട്ടീഷ് എഫ്-35ബി വിമാനത്തിൻ്റെ അടിയന്തര ലാൻഡിങ് മുതൽ പ്രശ്നങ്ങൾ പരിഹരിച്ച് തിരികെ പോകുന്നത് വരെ പൂർണ സഹായം നൽകിയ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവള അധികൃതരോട് യുകെ വ്യോമസേന ഉദ്യോഗസ്ഥർ നന്ദി പറഞ്ഞു. യുകെ റോയൽ എയർഫോഴ്സ് ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് തോം സോയർ നേരിട്ടെത്തി വിമാനത്താവള അധികൃതരെ നന്ദി അറിയിക്കുകയും റോയൽ എയർഫോഴ്സിൻ്റെ ഒരു ഉപഹാരം സമ്മാനിക്കുകയും ചെയ്തു. 17 അംഗ സംഘം രാത്രി 9.30ഓടെ റോയൽ എയർഫോഴ്സ് എ400 വിമാനത്തിലാണ് മടങ്ങിയത്.ഒരു മാസത്തിലേറെയായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്ങിന് ശേഷം നിർത്തിയിട്ടിരുന്ന ബ്രിട്ടീഷ് എഫ്-35ബി ഫൈറ്റർ ജെറ്റ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ചൊവ്വാഴ്ചയാണ് മടങ്ങിയത്. ചൊവ്വാഴ്ച രാവിലെ 10.50ന് ടേക്ക് ഓഫ് ചെയ്ത വിമാനം ഓസ്ട്രേലിയയിലെ ഡാർവിനിലേക്ക് പോയി.
ബ്രിട്ടീഷ് റോയൽ നേവിയുടെ എച്ച്എംഎസ് ക്യൂൻ എലിസബത്ത് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ്-35ബി ഫൈറ്റർ ജെറ്റ് സാങ്കേതിക തകരാറിനെ തുടർന്നാണ് ജൂലൈ 6ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ഈ ലാൻഡിങ് വിമാനത്താവള അധികൃതർക്കും വ്യോമസേനയ്ക്കും വലിയ വെല്ലുവിളിയായിരുന്നു. കാരണം, എഫ്-35ബി പോലുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങൾ സാധാരണ ഇന്ത്യൻ വിമാനത്താവളങ്ങളിൽ പരിമിതമാണ്. അടിയന്തര സാഹചര്യമായതിനാലാണ് വിമാനത്തിന് തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി നൽകിയത്.ലാൻഡിങ്ങിന് ശേഷം വിമാനം അറ്റകുറ്റപ്പണികൾക്കായി ഒരു മാസത്തിലേറെ വിമാനത്താവളത്തിൽ നിർത്തിയിട്ടു. ബ്രിട്ടനിൽ നിന്നുള്ള വിദഗ്ധ എൻജിനീയറിങ് സംഘം ഇവിടെയെത്തിയാണ് വിമാനത്തിൻ്റെ തകരാറുകൾ പരിഹരിച്ചത്.