എഴുത്തച്ഛൻ പുരസ്ക്കാരം എൻഎസ് മാധവന് ഇന്ന് സമർപ്പിക്കും

0

തിരുവനന്തപുരം: മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്‌ക്ക് സംസ്ഥാന സർക്കാറിൻ്റെ സാംസ്കാരിക വകുപ്പ് ഏർപ്പെടുത്തിയ ‘എഴുത്തച്ഛൻ പുരസ്‌കാരം’ –  (2024) പ്രശസ്‌ത നോവലിസ്‌റ്റും ചെറുകഥാകൃത്തുമായ എൻ എസ് മാധവന് ഇന്ന് സമർപ്പിക്കും . 5 ലക്ഷം രൂപയും ശിൽപവും പ്രശസ്‌തിപത്രവുമാണ് പുരസ്കാരം.

ഇന്ന് വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റ് ഡർബാർ ഹാളിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്ക്കാരം സമ്മാനിക്കും.

ചെറുകഥാകൃത്തുക്കളിൽ ശ്രദ്ധേയനാണ് എൻ എസ് മാധവൻ. അദ്ദേഹത്തിന്റെ കഥാസമാഹാരമായ ഹ്വിഗ്വിറ്റ കേരള സാഹിത്യ അക്കാഡമി അവാർഡ്, ഓടക്കുഴൽ അവാർഡ്, മുട്ടത്തുവർക്കി പുരസ്‌കാരം എന്നിവ നേടിയിരുന്നു. പത്മരാജൻ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, വി പി ശിവകുമാർ സ്‌മാരക കേളി അവാർഡ് എന്നിങ്ങനെ മറ്റ് നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.ഹ്വിഗ്വിറ്റയ്‌ക്ക് പുറമേ ചൂളേമേടിലെ ശവങ്ങൾ, തിരുത്ത്, പഞ്ചകന്യകകൾ, പര്യായ കഥകൾ, ഭീമച്ചൻ എന്നീ കഥാസമാഹാരങ്ങളും ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലുമടക്കം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.

1948 ൽ എറണാകുളത്താണ് ജനനം. മഹാരാജാസ് കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1975 ൽ ഐഎഎസ് ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970ലെ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. മികച്ച ഒറ്റക്കഥകൾക്കുള്ള മൾബറി, പത്മരാജൻ, വി പി ശിവകുമാർ സ്മാരക കേളി, തുടങ്ങിയ അവാർഡുകൾക്ക് പുറമേ ഡൽഹിയിലെ കഥാപ്രൈസിനായി മൂന്നുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഷീലാ റെഡ്ഡി. പ്രസിദ്ധ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ മകളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *