ആന എഴുന്നള്ളിപ്പ്: ഹൈക്കോടതി നിയന്ത്രണങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു
“നേരത്തെ എങ്ങനെയാണോ പൂരം നടന്നിരുന്നത് അതേ പ്രൗഢിയോടെ തന്നെ ഇനിയും പൂരം നടത്തു0”
ന്യുഡൽഹി :ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍
സുപ്രീം കോടതി സ്‌റ്റേ ചെയ്തു. നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടിസ് നൽകി. മൃഗസംരക്ഷണം ആചാരങ്ങളെ ബാധിക്കരുതെന്ന് വ്യക്തമാക്കിയ കോടതി 2012 ലെ ചട്ടങ്ങള്‍ പാലിച്ച് തൃശൂര്‍ പൂരത്തിലെ ആന എഴുന്നള്ളിപ്പ് നടത്തണമെന്നും നിര്‍ദേശിച്ചു.
ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ആന പരിപാലന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും അപ്രായോഗികമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അപകട സാധ്യതയുണ്ടെന്ന് അറിഞ്ഞാണ് ആളുകള്‍ ഉത്സവത്തിന് വരുന്നത് എന്നും അനിഷ്‌ട സംഭവങ്ങളുണ്ടായാല്‍ ദേവസ്വം ആണ് ഉത്തരവാദികളെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹൈക്കോടതി ആന എഴുന്നള്ളിപ്പില്‍ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ചോദ്യം ചെയ്‌ത് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി വി നാഗരത്ന, എന്‍ കെ സിങ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് ഹർജിക്കാർക്ക് വേണ്ടി ഹാജരായത്.
സുപ്രീകോടതിയുടെ വിധിയെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സ്വാഗതം ചെയ്തു. പൂരം, വേല, പെരുന്നാൾ തുടങ്ങിയവ ആഘോഷിക്കുന്ന എല്ലാവർക്കും വലിയ ആശ്വാസമാണ് സുപ്രീംകോടതി വിധിഎന്ന് പാറമേക്കാവ് ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി രാജേഷ് പറഞ്ഞു. വേട്ടയാടി കേസെടുക്കുന്ന നിലപാടായിരുന്നു ഇവിടെയുള്ളവർ സ്വീകരിച്ചിരുന്നത്. സുപ്രീംകോടതി വിധി വന്നതോടെ അത് മാറിക്കിട്ടിയെന്ന് അദ്ദേഹം അറിയിച്ചു. മാത്രമല്ല സംഘാടകർക്ക് ഇനി സമാധാനമായി പരിപാടികൾ നടത്താമെന്ന് രാജേഷ് വ്യക്തമാക്കി. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതുവരെ മാർഗനിർദേശങ്ങൾ പാലിച്ചാണ് പൂരം നടത്തിയിരുന്നത്. ഇനിയും അതുതന്നെ തുടരുമെന്ന് രാജേഷ് കൂട്ടിച്ചേർത്തു. തൃപ്പൂണിത്തുറ ഉത്സവം, ഗുരുവായൂർ ഏകാദശി എന്നിവ വളരെയധികം സങ്കടത്തോടെയാണ് ഭക്തർ കണ്ടത്. തൃപ്പൂണിത്തുറ ഉത്സവം അലങ്കോലപ്പെടുത്തിയതും ഗുരുവായൂർ ഏകാദശി അകമ്പടി ആനകൾ ഇല്ലാതെ നടത്തിയതും വളരെ അധികം വിഷമമുണ്ടാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നടത്തേണ്ടി വന്നത് വളരെ മോശമായി പോയി എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സർക്കാർ ഞങ്ങൾക്കനുകൂലമായ നിലപാടാണ് എടുത്തിരുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഈ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും നിലനിൽക്കുന്നതിനായി ഒരു ബില്ല് തന്നെ പാസാക്കണമെന്ന് രാജേഷ് പറഞ്ഞു. എൻജിഒമാർ ഓരോന്നിലും ഇടപെടാതിരിക്കാൻ കേന്ദ്ര സർക്കാർ തന്നെ ഒരു ബില്ല് ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നേരത്തെ എങ്ങനെയാണോ പൂരം നടന്നിരുന്നത് അതേ പ്രൗഢിയോടെ തന്നെ ഇനിയും പൂരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. മാത്രമല്ല സുപ്രീംകോടതിയുടെ നിലപാട് ആചാരാനുഷ്‌ഠാനങ്ങളിൽ ഇടപെടില്ല എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങൾ എങ്ങനെയായിരുന്നോ അത് അതുപോലെ തുടർന്നു പോകണം എന്ന നിലപാടാണ് സുപ്രീംകോടതി എപ്പോഴും സ്വകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.തൃശൂർ പൂരം 228 കൊല്ലവും ആറാട്ടുപ്പുഴ 1443 കൊല്ലവുമായി നടത്തിവരുന്ന ആഘോഷങ്ങളാണ്. ഇത് രണ്ടും വളരെ പഴക്കമുള്ള പൂരങ്ങളാണ്. ഇവിടെ എവിടെയും ആനയോടി അപകടമുണ്ടായതായി ഇതുവരെ കേട്ടിട്ടില്ലെന്ന് രാജേഷ് പറഞ്ഞു. അതേസമയം ആനകളെ നന്നായി നോക്കണം എന്നറിയാം അതിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സുപ്രീംകോടതി വിധി ചെവിക്കൊള്ളണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളതെന്ന് തിരുവമ്പാടി ദേവസ്വം ജോയിന്‍റ് സെക്രട്ടറി പി ശശിധരൻ പറഞ്ഞു. ഇത്രയും പ്രതിസന്ധി ഘട്ടത്തിൽ ഗുരുവായൂർ ദേവസ്വവും കൊച്ചിൻ ദേവസ്വം ബോർഡും എടുത്ത തീരുമാനം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വിഷമമുള്ളതായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ ആഘോഷങ്ങളും നിലനിന്ന് പോകേണ്ടവയാണ്. ഗുരുവായൂർ ദേവസ്വം ബോർഡും കൊച്ചിൻ ദേവസ്വം ബോർഡും തിരുവിതാംകൂർ ദേവസ്വം ബോർഡും മലബാർ ബേവസ്വം ബോർഡും എല്ലാവരും ഒരുമിച്ചായിരുന്നു കോടതിയെ സമീപിക്കേണ്ടിയിരുന്നത്. എന്നാൽ അവരാരും ഇതിനെതിരെ പ്രതികരിച്ചില്ല എന്നുള്ളത് വളരെ തെറ്റായ കാര്യമാണെന്നും പി ശശിധരൻപറഞ്ഞു