കഴിഞ്ഞ ദിവസം ഇറാനിലെ സൗത്ത് ഖൊറസാൻ പ്രവിശ്യയിലുള്ള കൽക്കരി ഖനിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 50ലധികം ആളുകൾ മരണപെട്ടു
ഇറാനിലെ സൗത്ത് ഖൊറസാൻ പ്രവിശ്യയിലുള്ള കൽക്കരി ഖനിയിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ 50ലധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഖനിയുടെ രണ്ട് ബ്ലോക്കുകളിലാണ് സ്ഫോടനമുണ്ടായത്. ഇരു ബ്ലോക്കുകളിലുമായി 69 തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ടായിരുന്നു. ഇറാന്റെ കൽക്കരി ആവശ്യകതയുടെ 76 ശതമാനവും നിറവേറ്റുന്നത് ഈ മേഖലയിൽ നിന്നാണ്. ടെഹറാനിൽ നിന്ന് 540 കിലോമീറ്റർ അകലെ ടാബാസിലാണ് അപകടം നടന്ന ഖനി സ്ഥിതി ചെയ്യുന്നത്.ഖനികളിൽ നിന്ന് ഉയരുന്ന മീഥെയ്ൻ വാതകം ചിലപ്പോഴൊക്കെ ഇതുപോലെ അപകടം സൃഷ്ടിച്ചിട്ടുണ്ട്. ഇതു കളയാനുള്ള സംവിധാനങ്ങൾ പല ഖനികളിലും ഉണ്ടാകാറുണ്ട്. മീഥെയ്ൻ പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു വാതകമാണ്. അപകടസാധ്യത മാത്രമല്ല പരിസ്ഥിതിപരമായി അതു സൃഷ്ടിക്കാവുന്ന പ്രശ്നങ്ങളും പലപ്പോഴും ചർച്ചയാകാറുണ്ട്.
റഷ്യയുടെ മഞ്ഞുമൂടിയ മേഖലയായ സൈബീരിയയിലെ ഉറഞ്ഞ മഞ്ഞുപാളികൾക്കുള്ളിൽ (പെർമഫ്രോസ്റ്റ്) ഒളിച്ചിരിക്കുന്നത് വമ്പൻ മീഥെയ്ൻ നിക്ഷേപമാണെന്നും ഇതു പുറത്തെത്തിയാൽ ലോകമെമ്പാടും പ്രശ്നമുണ്ടാക്കുന്ന ആഗോളതാപനത്തിന്റെ തോത് വൻതോതിൽ വർധിക്കാമെന്നും ഇടയ്ക്ക് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതെപ്പറ്റി നേരത്തെ തന്നെ പഠനങ്ങളുണ്ടായിരുന്നു.സൈബീരിയയുടെ വടക്കൻ മേഖലകൾ ഉത്തരധ്രുവത്തിനു സമീപമായാണു സ്ഥിതി ചെയ്യുന്നത്. 2020ൽ ഉണ്ടായ ഒരു വൻ താപതരംഗത്തിൽ യെനിസെ ഖറ്റാംഗ ബേസിൻ എന്നുള്ള ഈ സ്ഥലത്ത് കനത്ത മഞ്ഞുരുക്കം സംഭവിക്കുകയും ഇതു മൂലം ചുണ്ണാമ്പുകല്ലുകൾ പുറത്താകുകയും ചെയ്തു. ഇതിൽ നിന്നാണു ചരിത്രാതീത കാലം മുതൽ കുടുങ്ങി കിടന്ന മീഥെയ്ൻ പുറത്തേക്കു പോയത്. സൈബീരിയയിലെ മീഥെയ്ൻ നിക്ഷേപം പുറത്തേക്കെത്തിയാൽ ഒരു പക്ഷേ അതു ലോകാവസാനത്തിനു തന്നെ വഴി വയ്ക്കുമെന്നും നിക്കോളസ് പറയുന്നു.
മീഥെയ്ൻ പ്രധാനപ്പെട്ട ഒരു ഹരിതഗൃഹ വാതകമാണ്. ഇവയുടെ ആധിക്യം കാലാവസ്ഥാ വ്യതിയാനത്തിന് ഇടവരുത്തും. കാർബൺ ഡയോക്സൈഡ് സംഭരിക്കുന്നതിനേക്കാൾ 30 മടങ്ങ് താപോർജം സംഭരിക്കാൻ അതേ അളവിലുള്ള മീഥെയ്ന് കഴിവുണ്ട്. കാർഷിക പ്രവർത്തനങ്ങൾ മൂലമുള്ള മീഥെയ്ൻ വികിരണത്തിന്റെ തോത് അളക്കാൻ പ്രയാസമാണ്. മീഥെയ്ൻ വികിരണത്തിന്റെ ആകെയുള്ളതിൽ 36 ശതമാനവും സംഭവിക്കുന്നത് കന്നുകാലി ഫാമുകൾ, വളർത്തൽ കേന്ദ്രങ്ങൾ എന്നിവയിൽ നിന്നാണ്.