പരീക്ഷാ സമ്മർദ്ദം :ഇതുവരെ ആത്മഹത്യ 6
രാജസ്ഥാനിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് വിദ്യാർഥികൾ കൂടി ആത്മഹത്യ ചെയ്‌തു !
രാജസ്ഥാൻ :രാജസ്ഥാനിലെ കോട്ട ജില്ലയിൽ ബുധനാഴ്ച രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള യുവതി അഫ്ഷ ഷെയ്ഖ് (23), അസമിലെ നാഗോണിൽ നിന്നുള്ള പരാഗ് എന്നിവരാണ് മരിച്ചത്.
പ്രതീക്ഷാ റെസിഡൻസിയിൽ താമസിച്ചിരുന്ന അഫ്ഷ, നീറ്റ് പരീക്ഷയ്ക്ക് (മെഡിക്കൽ കോളേജിൽ പ്രവേശനത്തിന്) പഠിക്കാൻ കോട്ടയിലേക്ക് പോയതായിരുന്നു. പിജി അക്കമഡേഷനിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. അതേസമയം, നഗരത്തിലെ മഹാവീർ നഗർ പ്രദേശത്ത് താമസിച്ചിരുന്ന പരാഗ് രണ്ട് വർഷമായി കോട്ടയിലാണ് താമസിച്ചിരുന്നത്.
മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും, ഫാനിൽ തൂങ്ങിക്കിടക്കുന്നത് തടയുന്നതിനുള്ള സംവിധാനമൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. 2025 ജനുവരിയിൽ മാത്രം കോട്ടയിൽ ഇതുവരെ ആകെ ആറ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു.
ജനുവരി 7 ന് മരണമടഞ്ഞ JEE (Joint Entrance Examination )വിദ്യാർത്ഥി 19 കാരനായ നീരജ് ആണ് ആത്മഹത്യയ്ക്ക് തുടക്കമിടുന്നത്.. 24 മണിക്കൂറിനുള്ളിൽ, JEE പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന 20 കാരനായ അഭിഷേകാണ് രണ്ടാമത് ആത്‍മഹത്യ ചെയ്തത്.ജനുവരി 16 ന്, അഭിജിത്ത് എന്ന 18 കാരൻ്റെ മൃതദേഹം കണ്ടെത്തി. ഒരു ദിവസത്തിനുശേഷം, ജെഇഇ പരീക്ഷയുടെ നാല് ദിവസം മുമ്പ് 18 കാരനായ മനൻ ശർമ്മ ആത്മഹത്യ ചെയ്തു.
കോട്ടയിൽ വർദ്ധിച്ചുവരുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യകൾ അക്കാദമിക സമ്മർദ്ദവും കുട്ടികളിൽ അർപ്പിക്കുന്ന യാഥാർത്ഥ്യമല്ലാത്ത പ്രതീക്ഷകളും മൂലമാണെന്ന് സംഭവത്തോട് പ്രതികരിച്ച് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പറഞ്ഞു. പഠനത്തിൻ്റെ സമ്മർദ്ദവും കുട്ടികളിൽ നിന്ന് താങ്ങാനാവുന്നതിലും കൂടുതൽ പ്രതീക്ഷിക്കുന്നതും മൂലമാണ് ഈ സാഹചര്യം ഉടലെടുക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കുട്ടികളുടെ മാനസികാവസ്ഥ മാതാപിതാക്കൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.