മുൻ കാമുകനെ കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാ നേതാവായ യുവതി അറസ്റ്റിൽ
മുൻ കാമുകനെ കൊലപ്പെടുത്തിയ കേസിൽ ഗുണ്ടാ നേതാവായ യുവതി അറസ്റ്റിൽ. കാരൻ ജൂലിയത്ത് ഒഗീഡ റോഡ്രിഗസ് എന്ന യുവതിയെയാണ് കൊളംബിയൻ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഈ ഇരുപത്തിമൂന്നുകാരി. ഇവരുടെ കൂട്ടാളികളായ ലിയോപോൾഡോ, പൗലാ വലന്റീനാ ജോയ് റൂയിഡ എന്നിവരും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
ഡേവി ജീസസ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് യുവതിയെ ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂലായ് 23-നായിരുന്നു സംഭവം. കാരനും ഡേവി ജീസസും തമ്മിൽ പണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിന്നിരുന്നു. തർക്കം പരിഹരിക്കാൻ നേരിൽ കാണാമെന്ന് കാരൻ പറഞ്ഞു. ഇതനുസരിച്ചെത്തിയ ഡേവിയെ ബൈക്കിലെത്തിയ രണ്ടുപേർ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
കൊളംബിയയിലെ ബറാങ്കബെർമെജ മുനിസിപ്പാലിറ്റിയിലിടക്കം നടന്ന നിരവധി കൊലപാതകങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് കാരനാണെന്നാണ് സൂചന. ലോസ് ഡേലാ എം ഗ്യാങ്ങിന് വേണ്ടിയും കാരൻ കൊലപാതകങ്ങൾ നടത്തിയിരുന്നു. വാടകക്കൊലയാളികളുടെ ചെറിയ സംഘത്തെയും കാരൻ നയിച്ചിരുന്നു. പോലീസുകാർക്കിടയിൽ ദ ഡോൾ (ലാ മുനേക്ക) എന്ന വിളിപ്പേരിലാണ് കാരൻ അറിയപ്പെടുന്നത്.