‘അമ്മ മരിച്ചപ്പോൾ പോലും കൃഷ്ണകുമാർ കാണാൻ വന്നില്ല; പാലക്കാട്ടേക്ക് പ്രചാരണത്തിനില്ല: തുറന്നടിച്ച് സന്ദീപ് വാരിയർ

0

പാലക്കാട്∙  അപമാനം നേരിട്ട പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാരിയർ. യുവമോർച്ചയിൽ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ വാദം ശരിയല്ല. തന്റെ അമ്മ മരിച്ചപ്പോൾ പോലും കൃഷ്ണകുമാർ കാണാൻ വന്നില്ല. താൻ സംസ്ഥാന ഭാരവാഹിയായി ഇരിക്കുന്ന കാലമായിട്ടും, തന്റെ അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും ആരും വച്ചില്ല എന്നത് മറന്നുപോകരുതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ സന്ദീപ് വ്യക്തമാക്കി.

സമൂഹമാധ്യമത്തിലെ കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ:

‘‘ ഈ അവസരത്തിൽ കാര്യങ്ങൾ മുഴുവൻ തുറന്നു പറയാൻ ഞാൻ തയാറല്ല. പ്രിയ സ്ഥാനാർഥി കൃഷ്ണകുമാർ ഏട്ടന് വിജയാശംസകൾ. കൃഷ്ണകുമാർ ഏട്ടൻ ഇന്നലെ ചാനലിൽ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോർച്ച കാലം മുതൽ ഒരുമിച്ച് പ്രവർത്തിച്ചതാണെന്ന്. ഏട്ടാ, നമ്മൾ ഒരിക്കലും യുവമോർച്ചയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. ഏട്ടൻ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ? എന്റെ അമ്മ രണ്ടു വർഷം മുൻപ് ഈ ലോകത്തോട് വിട പറഞ്ഞപ്പോൾ, അന്ന് ഞാൻ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു.

എന്റെ അമ്മ എന്നത് പോട്ടെ, സംഘപ്രസ്ഥാനങ്ങൾക്ക് കാര്യാലയം നിർമിക്കാൻ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയിൽ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നൽകിയ ഒരു അമ്മ, മരിച്ചുകിടന്നപ്പോൾ പോലും ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറിയായ നിങ്ങൾ വന്നില്ല’’.  ‘‘ ഇന്ന് നിങ്ങളുടെ എതിർ സ്ഥാനാർഥിയായ ഡോക്ടർ സരിൻ എന്റെ വീട്ടിൽ ഓടി വന്നിരുന്നു.

ഞാൻ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എ.എ.റഹീം, ബിആർഎം ഷഫീർ, വി.ടി.ബൽറാം, മുകേഷ് എംഎൽഎ തുടങ്ങി എതിർപക്ഷത്തുള്ളവർ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങൾ അർപ്പിച്ചപ്പോൾ ഒരു ഫോൺകോളിൽ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങൾ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദർഭങ്ങളിലായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെക്കുറിച്ചൊന്നും എനിക്ക് വിഷമമില്ല. എന്നെ കൂടുതൽ സ്നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ ’’

‘‘ സന്ദീപ് വാരിയർ മാറിനിൽക്കരുത് എന്ന് നിങ്ങൾ പുറത്തേക്ക് പറയുമ്പോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തിൽ ഒന്ന് സംസാരിക്കാൻ ഒരാൾ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആൾക്ക് പ്രത്യേകിച്ചൊന്നും  പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതൽ ഒന്നും പറയാനില്ല. കൃഷ്ണകുമാർ ഏട്ടന് വിജയാശംസകൾ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. എന്നാൽ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ല ’’.

Spread the love

Leave a Reply

Your email address will not be published. Required fields are marked *