മരുഭൂമിയിലെ വേനൽ ചൂടിലും പച്ചപ്പിന്റെ വിരുന്നൊരുക്കി ‘അൽനൂർ’
ഷാർജയിൽ വേനൽ ചൂടിലും പച്ചപ്പിന്റെ വിരുന്നൊരുക്കി സന്ദർശകരുടെ മനം കവരുന്ന ഷാർജ അൽ നൂർ ദ്വീപ് മധ്യപൂർവദേശത്തെ മികച്ച 10 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. പ്രമുഖ ട്രാവൽ റിവ്യൂ പ്ലാറ്റ്‌ഫോമായ ട്രിപ് അഡ്വൈസർ സർവേയിലാണ് ഈ കണ്ടെത്തൽ. ഷാർജ ഇൻവസ്റ്റ്‌മെന്റ് ഡവലപ്‌മെന്റ് അതോറിറ്റി (ഷൂറൂഖ്) വികസിപ്പിച്ച ദ്വീപ് പ്രകൃതിദത്ത കാഴ്ചകൾക്കു പുറമെ ലോകോത്തര കലാസൃഷ്ടികളാലും വിനോദ പരിപാടികളാലും സമ്പന്നമാണ്. രണ്ടാം വർഷമാണ് അൽ നൂർ ദ്വീപിന് ഈ ബഹുമതി ലഭിക്കുന്നത്. പച്ച പുതച്ച വലിയ മരങ്ങളും അതിൽ കൂടൊരുക്കിയ പക്ഷികളുമാണ് മുഖ്യ ആകർഷണം. ദേശാടന കിളികളുടെ ഇഷ്ടമേഖലയായ ഖാലിദ് ലഗൂണിലാണ് ഈ ദ്വീപ്. യുഎഇയിലെ അപൂർവയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണിവിടം. ഈ പക്ഷിവൈവിധ്യം നേരിട്ടറിയാനുള്ള അവസരവും ദ്വീപിലുണ്ട്. പരിസ്ഥിതി സഹൃദ കേന്ദ്രങ്ങളിലൊന്നായ അൽ നൂർ ദ്വീപിലാണ് രാജ്യത്തെ പക്ഷി വൈവിധ്യത്തിന്റ 10 ശതമാനമുള്ളത്. ശലഭ ദ്വീപ് എന്ന പേരിലും അറിയപ്പെടുന്നു. ഡാർക്ക് ബ്ലൂ ടൈഗർ, പീക്കോക് പാൻസി, ലൈം ബട്ടർഫ്ലൈ, ഗ്രേറ്റ് എഗ് ഫ്ലൈ തുടങ്ങിയ അത്യപൂർവ ഇനം ചിത്രശലഭങ്ങളെയും ഇവിടെ കാണാം. ഫോസിൽ റോക്കുകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള മരമുത്തശ്ശി, അപൂർവയിനം കള്ളിച്ചെടികൾ തുടങ്ങിയവയും ദ്വീപിലെത്തുന്നവർക്ക് വിരുന്നൊരുക്കുന്നു. മലീഹ ആർക്കിയോളജിക്കൽ സെന്റർ, മൊണ്ടസ വാട്ടർ പാർക്ക് എന്നിവ ട്രാവലേഴ്സ് ചോയ്സ് അവാർഡ് നേടി. സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ സൃഷ്ടിക്കാനുള്ള കഠിനാധ്വാനത്തന്റെ ഫലമാണ് ഈ അംഗീകാരമെന്ന് ഷാർജ ഇൻവസ്റ്റ്‌മെന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓപ്പറേഷൻസ് ആൻഡ് ടൂറിസം ഡവലപ്‌മെന്റ് ഡയറക്ടർ മഹ്മൂദ് റാഷിദ് അൽ ദിമാസ് പറഞ്ഞു.