SDPIയിൽ ചേര്‍ന്നാലും BJPയിലേക്കില്ലെന്ന് എ പത്മകുമാര്‍

പത്തനംതിട്ട: സംസ്ഥാന സമിതിയില്‍ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്ന് അതൃപ്‌തി പരസ്യമാക്കിയ ജില്ലയിൽ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവും മുൻ എംഎല്‍എയുമായ എ പത്മകുമാറിന്‍റെ ആറന്മുളയിലേ വീട്ടിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തി. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് വിഎ സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്‍റെ വീട്ടില്‍ എത്തിയത്.
സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശാനുസരണമാണ് സന്ദർശനം എന്നാണ് സൂചന. 15 മിനിറ്റോളം നേതാക്കള്‍ പത്മകുമാറിന്‍റെ വീട്ടില്‍ ചെലഴിച്ചു. എന്നാൽ സന്ദർശനത്തെ കുറിച്ചു പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല. ചില മുതിര്‍ന്ന സംസ്ഥാന നേതാക്കള്‍ പത്മകുമാറുമായി ഫോണില്‍ സംസാരിച്ചതായും സൂചനയുണ്ട്.
എന്നാൽ ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയെന്ന വാർത്തകൾ തള്ളി പത്മകുമാർ രംഗത്തെത്തി.
താൻ വീട്ടിൽ ഇല്ലാത്ത സമയത്താണ് ജില്ലാ പ്രസിഡന്‍റും മറ്റൊരാളും വീട്ടിൽ വന്നത്. അനുവാദം ചോദിക്കാതെയാണ് വീട്ടിൽ വന്നത്. എസ്‌ഡിപിഐയിൽ ചേര്‍ന്നാലും താൻ ബിജെപിയിലേക്കില്ലെന്ന് ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റിനെ അറിയിക്കാൻ ആഗ്രഹിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.