ഒരു മാസം കഴിഞ്ഞിട്ടും ഒളിംപിക്സ് മെഡൽ ജേതാക്കളെ ആദരിച്ചില്ല, ഫണ്ട് തടഞ്ഞുവച്ചതായി പി.ടി.ഉഷ

0

 

ന്യൂഡൽഹി ∙  പാരിസ് ഒളിംപിക്സ് പൂർത്തിയായി ഒരു മാസം കഴിഞ്ഞിട്ടും മെഡൽ ജേതാക്കൾക്ക് ആദരമൊരുക്കാതെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ). ഐഒഎ ഭരണസമിതിയിലെ അംഗങ്ങൾക്ക് ഇതിൽ താൽപര്യമില്ലാത്തത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും ഫിനാൻസ് കമ്മിറ്റി ഫണ്ട് തടഞ്ഞുവച്ചിരിക്കുകയാണെന്നും ഐഒഎ പ്രസിഡന്റ് പി.ടി.ഉഷ ആരോപിച്ചു. ഭരണസമിതിയിലെ മറ്റ് അംഗങ്ങളുമായുള്ള ഭിന്നത തുടരുന്നതിനിടെയാണ് ഉഷയുടെ പുതിയ ആരോപണം.‘ഓഗസ്റ്റ് പകുതിയോടെ താരങ്ങളെല്ലാം മടങ്ങിയെത്തിയിട്ടും ഒരു അനുമോദനച്ചടങ്ങു സംഘടിപ്പിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാനോ തുടർ നടപടിയെടുക്കാനോ ഭരണസമിതിക്കു സാധിച്ചില്ല’ – ഉഷ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഒളിംപിക്സിനു മുൻപ് അനുബന്ധ ധനസഹായമെന്ന നിലയിൽ താരങ്ങൾക്കു 2 ലക്ഷം രൂപ വീതവും പരിശീലകർക്ക് 1 ലക്ഷം രൂപ വീതവും അനുവദിക്കണമെന്ന ശുപാർശ ഐഒഎ ഫിനാൻസ് കമ്മിറ്റി തടഞ്ഞിരുന്നുവെന്നും ഐഒഎ ട്രഷറർ സഹ്‌ദേവ് യാദവാണ് ഇതിനു പിന്നിലെന്നും ഉഷ ആരോപിച്ചു. 2021ൽ ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടിയ താരങ്ങൾക്ക് കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും അന്നത്തെ ഭരണസമിതി സ്വീകരണമൊരുക്കിയിരുന്നുവെന്നും ഉഷ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *