സന്ദർശക വിസ നിയമങ്ങളിൽ ഇളവുമായി യൂറോപ്യൻ യൂണിയൻ
ഇന്ത്യക്കാർക്കുള്ള ഷെൻഗൻ വിസ അഥവാ സന്ദർശക വിസ നിയമങ്ങളിൽ നിർണായക ഇളവുമായി യൂറോപ്യൻ യൂണിയൻ (ഇ.യു). ദൈർഘ്യമേറിയ കാലാവധിയോട് കൂടിയ മൾട്ടിപ്പിൾ എൻട്രി ഷെൻഗൻ വിസയ്ക്ക്ഇനി ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രണ്ട് ഷെൻഗൻ വിസകൾ നേടുകയും നിയമപരമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് രണ്ട് വർഷം ദൈർഘ്യമുള്ള മൾട്ടി എൻട്രി ഷെൻഗൻ വിസ നേടാം.പാസ്പോർട്ടിന് മതിയായ സാധുത നിലനിൽക്കുന്നുണ്ടെങ്കിൽ തുടർന്ന് അഞ്ച് വർഷം ദൈർഘ്യമുള്ള മൾട്ടി എൻട്രി വിസയും ലഭിക്കും.
വിസാ രഹിത രാജ്യത്ത് നിന്നുള്ളവരെ പോലെ ഇന്ത്യക്കാർക്ക് ഷെൻഗൻ സോണിൽ സഞ്ചരിക്കാൻ ഈ ഇളവ് അനുവദിക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ഇതിലൂടെ ആകർഷിക്കുകയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം.
ബെൽജിയം, ജർമ്മനി, ഗ്രീസ്, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്സ്, ഫിൻലൻഡ് എന്നിവയടക്കം 29 യൂറോപ്യൻ രാജ്യങ്ങളാണ് ഷെൻഗൻ സോണിൽ ഉൾപ്പെടുന്നത്. ഷെൻഗൻ രാജ്യങ്ങൾക്കിടെയിലെ സഞ്ചാരത്തിന് പാസ്പോർട്ടിന്റെ ആവശ്യമില്ല. സിംഗിൾ എൻട്രി ഷെൻഗൻ വിസ നേടുന്നവർക്ക് 180 ദിവസത്തിനുള്ളിൽ 90 ദിവസം വരെ ഈ രാജ്യങ്ങൾ സന്ദർശിക്കാം.