എരുമേലി എന്നാൽ എരുമകൊല്ലി
എരുമേലിയിലെ ജനങ്ങളെ ആകെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്ന ഒരു കൂറ്റൻ കാട്ടെരുമയേയും അയ്യപ്പസ്വാമിക്ക് നേരിടേണ്ടിവന്നു . അയ്യപ്പചരിത്രത്തിൽ മഹിഷീ മർദ്ദനത്തിന് വലിയപ്രാധാന്യമുണ്ട് എന്നതു കൊണ്ട് തന്നെ അയ്യപ്പസ്വാമി ഏറ്റെടുത്ത ദൌത്യത്തിൻറെ ഗൌരവം നമുക്ക് മനസ്സിലാക്കാവുന്നതാണ്. കാർഷിക മേഖലയായിരുന്ന എരുമേലിയിൽ ജനങ്ങളുടെ വിളകൾക്കും ജീവനും വൻ തോതിൽ കാട്ട് മൃഗങ്ങൾ നാശം വരുത്തുക പതിവായിരുന്നു . അക്കൂട്ടത്തിൽ ഏറ്റവും അപകടകാരിയായിരുന്നത് ഒരു വലിയ കാട്ടെരുമയായിരുന്നു. എത്ര പരിശ്രമിച്ചിട്ടും നാട്ടുകാർക്ക് അതിനെ വകവരുത്തുവാൻ കഴിഞ്ഞിരുന്നില്ല. അത് കാടിറങ്ങിവന്നാൽ പിന്നെ സർവ്വനാശമാണ് സംഭവിക്കുക. ആളുകളെയെല്ലാം ഒടിച്ചിട്ട് കുത്തി കൊന്നുവീഴ്ത്തുന്നതായിരുന്നു അതിൻറെ ഇഷ്ടവിനോദം. ഒരു വർഷത്തെ കഠിനമായ കാർഷിക അദ്ധ്വാനത്തിൻറെ ഫലമെല്ലാം സംഭരിക്കുവാൻ കാത്തിരിക്കുമ്പോഴായിരിക്കും ഈ കരിമ്പാറപോലെയുള്ള കൂറ്റൻ വന്യമൃഗം വന്ന് എല്ലാം സംഹരിക്കുന്നത് .മൈലുകളോളം വിസ്താരമുള്ള മലയടിവാരങ്ങളിലുള്ള ജനങ്ങളെല്ലാം ഒരോദിവസവും ഭയന്ന് വിറച്ച് കഴിയുമ്പോളായിരുന്നു അവിടേക്ക് അയ്യപ്പസ്വാമിയുടെ വരവ്
മഹിഷിയുടെ കഥ
(ഈശ്വരസാമിപ്യം ആഗ്രഹിക്കുന്ന മുനിമാരുടെ ധ്യാന സങ്കേതമായിരുന്നു വിന്ധ്യാപർവ്വത താഴ്വര.പർണ്ണശാല തീർത്ത് ഹോമങ്ങളും യാഗങ്ങളുമായി, ഈശ്വര വിശ്വാസത്തോടെ ധ്യാനിച്ചിരിക്കുന്ന മുനിമാരിൽ പ്രധാനി ആയിരുന്നു ഗാലവൻ.അദ്ദേഹത്തിൻറെ പർണ്ണശാലയുടെ മനോഹാരിതക്ക് കാരണം, മുനിയുടെ പ്രിയ പുത്രിയായിരുന്നു..
ആ പുത്രിയുടെ പേരാണ് ലീല..
അതിസുന്ദരിയും യൌവനയുക്തയുമായ മുനികുമാരി!!
ഗാലവമുനിയുടെ ധ്യാനവും, അറിവും അദ്ദേഹത്തിനു നിരവധി ശിഷ്യൻമാരെ നേടികൊടുത്തു.മുനിയോടോത്ത് ലൌകിക സുഖങ്ങൾ മറന്ന് അവരും ധ്യാനത്തിലേർപ്പെട്ടു.ആ ശിഷ്യൻമാരിൽ പ്രധാനി ആയിരുന്നു ദത്തൻ..
സുന്ദരനായ ആ മുനികുമാരനോട് ലീലക്ക് പ്രേമം തോന്നിയത് സ്വാഭാവികം.തൻറെ ഇഷ്ടം അദ്ദേഹത്തെ അറിയിക്കാൻ അവൾ പലവഴിയിലും ശ്രമിച്ചു.
എന്ത് ഫലം??
മുനികുമാരൻ ഒറ്റക്കാലിൽ തപസ്സ് തന്നെ!!
ഒടുവിൽ നേരിട്ട് വിവാഹാഭ്യർത്ഥന നടത്താൻ ലീല തയ്യാറായി.അങ്ങനെ ധ്യാനനിമഗ്നനായിരുന്ന മുനികുമാരനോട് ലീല ചോദിച്ചു:
“എന്നെ പട്ടമഹഷി ആക്കാമോ?”
പട്ടമഹഷി എന്നാൽ ഭാര്യ എന്ന് അർത്ഥം.പക്ഷേ ലൌകികജീവിതത്തിൽ ആകൃഷ്ടനല്ലാത്ത ദത്തന് ഇത് കേട്ട് കോപമാണ് വന്നത്, അവൻ അവളെ ശപിച്ചു:
“നീ ഒരു മഹിഷി ആയി പോകട്ടെ”
മഹഷി എന്നതിനു പകരം മഹിഷി അഥവാ എരുമ ആയി പോകട്ടെ എന്ന ആ ശാപം ഫലിച്ചു.അങ്ങനെ ലീല, കരംഭൻ എന്ന അസുരൻറെ മകളായി മഹിഷീമുഖത്തോട് ഭൂമിയിൽ വന്ന് ജനിച്ചു, അവളായിരുന്നു പിൽക്കാലത്ത് അയ്യപ്പനാൽ വധിക്കപ്പെട്ട മഹിഷി)