എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിൽ മൃതദേഹം മാറിനൽകി;25 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: മൃതദേഹം മാറിനൽകിയ സംഭവത്തിൽ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി 25 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. 2009-ൽ ചികിത്സയിലിരിക്കേ മരിച്ച പുരുഷോത്തമന്റെയും കാന്തിയുടെയും മൃതദേഹങ്ങൾ നൽകിയതിലാണ് തെറ്റുപറ്റിയത്.
പുരുഷോത്തമന്റെ മക്കളായ പി.ആർ. ജയശ്രീയും പി.ആർ. റാണിയും നൽകിയ പരാതിയിൽ സംസ്ഥാന ഉപഭോക്തൃകമ്മിഷൻ ഇവർക്ക് 25 ലക്ഷംരൂപ 12 ശതമാനം പലിശസഹിതം നഷ്ടപരിഹാരം നൽകാൻ ആശുപത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ ആശുപത്രി നൽകിയ ഹർജിയിൽ അഞ്ചുലക്ഷംരൂപ പുരുഷോത്തമന്റെ കുടുംബത്തിനും 25 ലക്ഷം സംസ്ഥാന ഉപഭോക്തൃകമ്മിഷന്റെ നിയമസഹായ അക്കൗണ്ടിലേക്കും നൽകാനാണ് ദേശീയ കമ്മിഷൻ ആശുപത്രിയോട് ആവശ്യപ്പെട്ടത്.
ഇത് ചോദ്യംചെയ്ത് ആശുപത്രിയും പുരുഷോത്തമന്റെ മക്കളും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ഹിമ കോലി അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
സംസ്ഥാന കമ്മിഷൻ വിധിച്ച 25 ലക്ഷംരൂപ പുരുഷോത്തമന്റെ കുടുംബത്തിനുമാത്രമായി നൽകാൻ സുപ്രീംകോടതി വിധിച്ചു. പലിശ 7.5 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.
പുരുഷോത്തമന്റെ മക്കൾക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ വി. ചിദംബരേഷനും അഡ്വ. കാർത്തിക് അശോകും ഹാജരായി.