ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കളിതോക്കുകൊണ്ട് ഭീഷണിപ്പെടുത്തിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
ഈരാറ്റുപേട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി, മാവടി, വെള്ളികുളം ഭാഗത്ത് മഠത്തിൽ വീട്ടിൽ ജിൻസ് മോൻ തോമസ് (25) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, കൂടാതെ കൈയിൽ കരുതിയിരുന്ന കളിത്തോക്ക് കൊണ്ട് അതിജീവിതയുടെ തലയ്ക്ക് നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ സുബ്രഹ്മണ്യൻ പി.എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.