കോയമ്പത്തൂരിൽ മോദി നടത്തിയ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

0

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോക്കെതിരെ ജില്ലാ കളക്ടറുടെ അന്വേഷണം പ്രഖ്യാപിച്ചു. സ്കൂൾ കുട്ടികൾ റോഡ് ഷോയിൽ പങ്കെടുത്ത സംഭവത്തിലാണ് കളക്ടര്‍ അന്വേഷണം ആരംഭിച്ചതെന്ന് അറിയിച്ചത്. തൊഴിൽ-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ റിപ്പോര്‍ട്ട് തേടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉചിതമായ നടപടി എടുക്കുമെന്നും കളക്ടർ വ്യക്തമാക്കി.

സ്കൂൾ അധികൃതരുടെ ആവശ്യം അനുസരിച്ചാണ് വന്നതെന്ന് കുട്ടികൾ പറഞ്ഞിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. പിന്നാലെ അന്വേഷണം ആരംഭിക്കുകയായിരുന്നു. സ്വകാര്യ സ്കൂളിലെ 50-തോളം കുട്ടികൾ യൂണിഫോം ധരിച്ച് റോഡ് ഷോയിൽ നിൽക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തക എക്സിൽ പോസ്റ്റ്‌ ചെയ്തിരുന്നു. സംഭവം പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുപ്പിക്കരുതെന്ന് നിർദേശം ഉണ്ടെന്നും ചീഫ് എജ്യുക്കേഷൻ ഓഫീസർ എം. ബാലമുരളി കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു.

കോയമ്പത്തൂരിലെ നരേന്ദ്ര മോദിയുടെ റോഡ് ഷോയ്‌ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് ആദ്യം അനുമതി നിഷേധിച്ചു. പിന്നീട് ബിജെപി നേതൃത്വം ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ച് റോഡ് ഷോയ്‌ക്ക് അനുമതി തേടുകയായിരുന്നു. നിബന്ധനകളോടെയാണ് അനുമതിയെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവിൽ അറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളും പരീക്ഷകളും ചൂണ്ടിക്കാട്ടിയായിരുന്നു കോയമ്പത്തൂർ പൊലീസ് അനുമതി നിഷേധിച്ചത്.

ബിജെപി ജില്ലാ പ്രസിഡന്റ് നൽകിയ ഹർജിയിലാണ് റോഡ് ഷോ അനുവദിച്ച് ഹൈക്കോടതി ഉത്തരവിറയ്‌ക്കിയത്. 1998ൽ എൽകെ അദ്വാനിയുടെ പ്രസംഗത്തിന് മുൻപ് ബോംബ് സ്ഫോടനം നടന്ന ആർ എസ് പുരത്താണ് ഇന്നലെ നാല് കിലോമീറ്റര്‍ നീണ്ട റോഡ് ഷോ സമാപിച്ചത്. ഇന്നലെ മോദി കോയമ്പത്തൂരിൽ മരിച്ചവരുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്‌പാര്‍ച്ചന നടത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *