ഇ പി ജയരാജന്റെ ആത്മകഥാ വിവാദം: ഒന്നും പറയാനില്ലെന്ന് രവി ഡിസി
ഷാര്‍ജ: ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഒന്നും പറയാനില്ലെന്ന് ഡിസി ബുക്‌സ് ഉടമ രവി ഡി.സി. ഡിസി ബുക്‌സ് ഫെസിലിറ്റേറ്റര്‍ മാത്രമാണ്. പുസ്തക പ്രസാധനത്തിന് സഹായിക്കുന്ന സ്ഥാപനം മാത്രമാണ് ഡിസി. ഞങ്ങള്‍ പൊതുരംഗത്തു തിളങ്ങി നില്‍ക്കുന്നവരോ, ഒന്നുമല്ല. പൊതുപ്രവര്‍ത്തകരെയും പൊതുരംഗത്തുള്ളവരെയും ബഹുമാനിക്കുന്ന സ്ഥാപനമാണ്. അതുകൊണ്ടു തന്നെ പ്രതികരണത്തില്‍ മിതത്വം പാലിക്കുന്നുവെന്നും വിവാദവുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയാനില്ലെന്നും രവി ഡി.സി വ്യക്തമാക്കി. ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ഇ.പി. ജയരാജനുമായി കരാറുണ്ടോ എന്ന ചോദ്യത്തിനു പ്രതികരണമില്ലെന്ന അര്‍ഥത്തില്‍ വായ പൂട്ടുന്നതായി രവി ആംഗ്യം കാണിച്ചു. പുസ്തകം അച്ചടിച്ചു പൂര്‍ത്തിയാക്കുന്നതിലുള്ള സാങ്കേതിക പ്രശ്‌നം മൂലം ആത്മകഥയുടെ പ്രസാധനം കുറച്ചു ദിവസത്തേക്കു നീട്ടി വച്ചതായും ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞതിനപ്പുറം ഡിസിയുടേതായിട്ട് മറ്റൊന്നും പറയാനില്ലെന്നും രവി ഡിസി പറഞ്ഞു.