തൃശ്ശൂർ മൃഗശാലയിൽനിന്ന് സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയത് 39 ജീവികളെ; ഇതിൽ പത്തെണ്ണവും ചത്തു

0

തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അഞ്ചു പക്ഷികള്‍ കൂടി ചത്തു. ഇതോടെ തൃശ്ശൂര്‍ മൃഗശാലയില്‍നിന്ന് ഇവിടേക്ക് മാറ്റിയവയില്‍ ചത്ത ജീവികളുടെ എണ്ണം പത്തായി. രണ്ടു മാസത്തിനുള്ളിലാണ് അഞ്ച് പക്ഷികള്‍ കൂടി ചത്തത്. പ്രായാധിക്യത്താലുള്ള അവശത കാരണം ചത്തു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എന്ന് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ജെ. വര്‍ഗീസ് പറഞ്ഞു.

ഏപ്രിലില്‍ ഒരു പന്നിമാനും നാല് പക്ഷികളും ചത്തിരുന്നു. വിവരം അധികൃതരെ അറിയിച്ചില്ലെന്ന കാരണത്താല്‍ പാര്‍ക്ക് ഡയറക്ടറെ സ്ഥലം മാറ്റുകയും ചെയ്തു. പൊതുപ്രവര്‍ത്തകനായ ഷാജി കോടങ്കണ്ടത്ത് വിവരാവകാശം നല്‍കിയതിനെ തുടര്‍ന്നാണ് വനംവകുപ്പ് തൃശ്ശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍നിന്ന് ഏറ്റവുമൊടുവില്‍ ചത്ത പക്ഷികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

ഒരു പന്നിമാന് പുറമെ രണ്ട് മോതിരതത്ത, വന്‍തത്ത, ചുക്കര്‍ പാര്‍ട്രിഡ്ജ്, വെള്ളിക്കോഴി, നാല് വെള്ളിമൂങ്ങ എന്നിവ ഒരോന്നുമാണ് ഇതുവരെ ചത്തത്. തൃശ്ശൂരില്‍നിന്ന് പിന്നീടിതുവരെ ജീവികളെ മാറ്റിയിട്ടില്ല. ആകെ 39 ജീവികളെയാണ് മാറ്റിയത്. പാര്‍ക്കിലേക്ക് ജീവികളെ മാറ്റാന്‍ താത്കാലികമായി നല്‍കിയ അംഗീകാരത്തിന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പുതുക്കി നല്‍കുന്നതിന് വീണ്ടും അപേക്ഷ സമര്‍പ്പിച്ചിരുന്നു.

സെന്‍ട്രല്‍ സൂ അതോറിട്ടി വീണ്ടും സമയപരിധി അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ പരമാവധി മൃഗങ്ങളെ പുത്തൂരിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. 60 ജീവനക്കാരാണ് പുത്തൂരിലുള്ളത്. ഇതില്‍ 39 പേര്‍ കരാര്‍ വ്യവസ്ഥയിലുള്ള താത്കാലിക തൊഴിലാളികളാണ്. പാര്‍ക്കിന് കിഫ്ബി അനുവദിച്ച 269.75 കോടി രൂപയില്‍ 206.52 കോടി രൂപ ചെലവഴിച്ചു.

സംസ്ഥാന ഫണ്ടിന്റെ 30.86 കോടിയില്‍ 30.50 കോടി രൂപ ചെലവഴിച്ചതായും വിവരാവകാശ രേഖയിലുണ്ട്. ഈ വര്‍ഷാവസാനം പാര്‍ക്ക് തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇനിയും നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്ന് പിടികൂടി വനംവകുപ്പ് സംരക്ഷിച്ചുവന്നിരുന്ന നാല് കടുവകളും ഒരു പുള്ളിപ്പുലിയും പുത്തൂരിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *