സൈലന്റ്‌വാലിയിലൂടെ ഇനി സായാഹ്ന സഫാരിയും ആസ്വദിക്കാം

പാലക്കാട് ജില്ലയിലായി പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന സൈലന്റ്‌വാലി ദേശീയോദ്യാനത്തിൽ ഇനി സായാഹ്ന സഫാരി ആരംഭിക്കുന്നു. മുക്കാലിമുതൽ കീരിപ്പാറവരെയുള്ള നാലുകിലോമീറ്റർ ദൂരം വനംവകുപ്പിൻ്റെ വാഹനത്തിൽ സഞ്ചരിക്കാം. സംസ്ഥാന വനവികസന ഏജൻസിയുടെ അംഗീകാരം ലഭിച്ചതോടെ ഈ മാസം സഫാരി തുടങ്ങുമെന്ന് സൈലൻ്റ്വാലി വൈൽഡ്‌ലൈഫ് വാർഡൻ എസ്. വിനോദ് അറിയിച്ചു.
രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് നിലവിൽ സഫാരി നടത്തുന്നത്. ഉച്ചകഴിഞ്ഞെത്തുന്ന സന്ദർശകർ നിരാശരായി മടങ്ങുന്നതിൻ്റെ പരിഹാരമായി കീരിപ്പാറയിലേക്കുള്ള സായാഹ്ന സഫാരി ആസൂത്രണം ചെയ്തിരിക്കുന്നു. യാത്ര ദൈർഘ്യം ഒന്നര മണിക്കൂറായിരിക്കും, വൈകുന്നേരം ആറുമണിക്ക് സഫാരി അവസാനിക്കും. നിരക്കുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായുള്ള അന്തിമ തീരുമാനങ്ങൾ വനംഡിവിഷൻ അധികൃതർ തീരുമാനിക്കുമെന്ന് അറിയിച്ചു.
കാട്ടിലൂടെ ചെന്നെത്തുന്ന കീരിപ്പാറയിലെ തുറസ്സായ ഭാഗം സഞ്ചാര ആകർഷണീയമാണ്. ഇവിടെയുള്ള കീരിപ്പാറ വാച്ച് ടവറിൽ കയറി പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാകും. കൂടാതെ വനംവകുപ്പിൻ്റെ കീരിപ്പാറ ക്യാമ്പ് ഷെഡും ഇവിടെയുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ വനംവകുപ്പ് പദ്ധതി തയ്യാറാക്കുന്നത്.
ഇപ്പോൾ ഇക്കോ ഡിവലപ്മെൻ്റ് കമ്മിറ്റിയുടെ 19 ജീപ്പുകളിലും രണ്ടു സഫാരി ബസിലുമാണ് ഗൈഡിനൊപ്പം സഞ്ചാരികളെ ബഫർസോണിലൂടെ 24 കിലോമീറ്റർ ദൂരെയുള്ള സൈരന്ധ്രിയിലേക്ക് കൊണ്ടുപോകുന്നത്. സൈലൻ്റ് വാലി നാഷണൽ പാർക്ക് കീരിപ്പാറയിലേക്ക് മൺസൂൺ ട്രെക്കിംഗ് പാക്കേജും നിലവിലുണ്ട്. വളരെക്കാലമായി നിലവിലുളള ഈ ഏകദിന ട്രെക്കിംഗ് ഇടക്ക് മാവോയിസ്റ്റ് ശല്യം കാരണം കുറച്ച് സമയത്തേക്ക് നിരോധിച്ചിരുന്നു.
സായാഹ്ന സഫാരി ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. വിവിധയിനം വന്യജീവികൾ, പക്ഷികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ, അപൂർവയിനം സസ്യങ്ങൾ തുടങ്ങിയവ യാത്രയിലുടനീളം കാണാനാകും. ബസ് യാത്രയ്ക്ക് 600 രൂപയും ആറുപേർക്ക് ഇരിക്കാവുന്ന ജീപ്പിന് 3,500 രൂപയുമാണ് നിരക്ക്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്.