ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റിലും ഫുട്ബോളിലും ട്രാൻസ്ജെൻഡറുകൾക്ക് വിലക്ക്

ലണ്ടൻ: ഇംഗ്ലണ്ടിലെ വനിതാ ക്രിക്കറ്റിലും ഫുട്ബോളിലും ട്രാൻസ്ജെൻഡർ താരങ്ങൾക്കു വിലക്ക്. ട്രാൻസ്ജെൻഡർ വ്യക്തികളെ വനിതകളായി പരിഗണിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി വന്നതിനു പിന്നാലെയാണ് തീരുമാനം. കോടതി വിധിക്കു പിന്നാലെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ (എഫ്എ) വിലക്കുമായി രംഗത്തെത്തി. മണിക്കൂറുകൾക്കുള്ളിൽ സമാന വിലക്കുമായി ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡും (ഇസിബി) പ്രസ്താവന ഇറക്കി.
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഓപ്പൺ, മിക്സഡ് ക്രിക്കറ്റ് പോരാട്ടങ്ങൾ കളിക്കുന്നതിനു വിലക്കില്ല. കായിക മേഖല എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ്. എന്നാല്‍ നിലവിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതയുണ്ടെന്നു ഇസിബി പ്രസ്താവനയില്‍ പറയുന്നു. ജൂൺ ഒന്ന് മുതൽ ഇംഗ്ലീഷ് വനിതാ ഫുട്ബോളിൽ ട്രാൻസ്ജെൻഡറുകൾക്ക് സ്ഥാനമുണ്ടായിരിക്കില്ലെന്നു എഫ് എ വ്യക്തമാക്കി.