അതിവേഗം കുതിച്ച് ‘എമ്പുരാന്‍’; 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബില്‍ ചിത്രം

പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രം എമ്പുരാന്‍ 100 കോടി ക്ലബില്‍. ആഗോളതലത്തില്‍ റിലീസായ ചിത്രം 48 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. മലയാള സിനിമയിലെ പുതിയ നേട്ടമാണ് എമ്പുരാന്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് മോഹന്‍ലാലും പൃഥ്വിരാജും മറ്റ് സിനിമ അണിയറ പ്രവര്‍ത്തകരും പറഞ്ഞു.
“എംപുരാൻ 48 മണിക്കൂറിനുള്ളിൽ ലോകമെമ്പാടും ബോക്‌സ് ഓഫീസിൽ 100 കോടി പിന്നിട്ടു, സിനിമാ ചരിത്രത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ചു,” എമ്പുരാനിൽ നിന്നുള്ള സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാലിന്‍റ ഉജ്ജ്വലമായ ഫോട്ടോയ്‌ക്കൊപ്പമാണ് നിര്‍മാതാക്കള്‍ കുറിപ്പ് പങ്കുവച്ചത്. ഈ ‘അസാധാരണ വിജയത്തിന്‍റെ ഭാഗമായ എല്ലാവർക്കും എല്‍ ടു എമ്പുരാന്‍ നിർമ്മാതാക്കൾ നന്ദി പറഞ്ഞു. ലൂസിഫര്‍, പുലിമുരുകന്‍, മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ഒടിയന്‍ എന്നീ സിനിമകള്‍ ഇതിന് മുന്‍പ് 100 കോടി ക്ലബില്‍ കയറിയ മോഹന്‍ലാല്‍ സിനിമകളായിരുന്നു.
മാര്‍ച്ച് 27 നാണ് എമ്പുരാന്‍ പ്രദര്‍ശനത്തിന് എത്തിയത്. തുടക്കം മുതല്‍ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ചിത്രത്തിലെ പരോക്ഷ രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍ കേരളത്തില്‍ വലിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുമുണ്ട്. ഇത്തരം വിവാദങ്ങള്‍ക്കിടയിലാണ് 100 കോടി എന്ന നേട്ടവുമായി ചിത്രം മുന്നോട്ടു കുതിക്കുന്നത്. ശ്രീഗോകുലം മൂവിസ്, ആശിര്‍വാദ് സിനിമാസ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയത്.
മലയാളത്തില്‍ നിന്ന് മാത്രം ആദ്യദിനം നേടിയത് 22 കോടി രൂപയാണ്. മലയാളത്തില്‍ നിന്ന് മാത്രം 19.45 കോടി രൂപയും കന്നടയില്‍ നിന്ന് 0.05 കോടി രൂപയും തെലുഗുവില്‍ നിന്ന് 1.2 കോടിയും തമിഴില്‍ നിന്ന് 0.8 കോടി രൂപയും ഹിന്ദിയില്‍ നിന്ന് 0.05 കോടി രൂപയുമാണ് ചിത്രം സ്വന്തമാക്കിയത് എന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍ക് നല്‍കുന്ന വിവരം. മാത്രമല്ല 500+ അധിക ഷോകളായി വര്‍ധിപ്പിച്ചിട്ടുമുണ്ട്. മിഡിൽ ഈസ്‌റ്റ്, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങി രാജ്യത്തിന് പുറത്തുള്ള നിരവധി ഇടങ്ങളില്‍ എമ്പുരാന്‍ റിലീസ് ചെയ്‌തിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
രണ്ടാം ദിവസത്തിലേക്ക് എത്തുമ്പോള്‍ 11.75 കോടി രൂപയും ചിത്രത്തിന് ലഭിച്ചു. മലയാളത്തില്‍ നിന്ന് 10.75 കോടി രൂപ, കന്നഡയില്‍ നിന്ന് 0.03 കോടി രൂപ, തെലുഗുവില്‍ നിന്ന് 0.27 കോടി രൂപ, തമിഴില്‍ നിന്ന് 0.0 കോടി രൂപ, ഹിന്ദിയില്‍ നിന്ന് 0.4 കോടി രൂപ എന്നിങ്ങനെയാണ് രണ്ടാം ദിവസത്തിലെ കണക്കുകള്‍,. ട്രാക്കര്‍മാരായ സാക്നില്‍ക് നല്‍കുന്ന വിവരമാണിത്. സാക്നില്‍ക്കിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിലെ മൊത്തം കലക്ഷന്‍ 32.75 കോടി രൂപയാണെന്നാണ്.
വെള്ളിയാഴ്‌ച 46 ശതമാനമായിരുന്നു കേരളത്തിലെ തിയേറ്റര്‍ ഒക്യുപ്പന്‍സി. രാവിലത്തെ ഷോയ്ക്ക് 37 .09 ശതമാനവും ഉച്ചയ്ക്ക് 40.89 ശതമാനവും വൈകുന്നേരം 48.42 ശതമാനവും രാത്രിയില്‍ 57.69 ശതമാനവുമായിരുന്നു കണക്കുകള്‍. കൊച്ചിയില്‍ 81.25 ശതമാനമായിരുന്നു. തിരുവനന്തപുരം 60.75 ശതമാനം, ബെംഗളുരു 25.50 ശതമാനം ചെന്നൈ 29.00 ശതമാനം, കോഴിക്കോട് 66.75 ശതമാനം ഹൈദരാബാദ് 16.50 ശതമാനം മുംബൈ 17.25 ശതമാനം എന്നിങ്ങനെയായിരുന്നു ഇന്നലത്തെ തിയേറ്റര്‍ ഒക്യുപ്പന്‍സി.
2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.