വമ്പൻ കുതിപ്പോടെ എമ്പുരാൻ : അഞ്ചു ദിവസം കൊണ്ട് ചിത്രം 200 കോടിയിലെത്തി

എറണാകുളം : വിവാദങ്ങൾക്കിടയിലും വമ്പൻ കുതിപ്പോടെ എമ്പുരാൻ. അഞ്ചു ദിവസം കൊണ്ട് ചിത്രം 200 കോടിയിലെത്തി.ചിത്രം ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നുനിൽക്കേയാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.മോഹൻലാലാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആദ്യം അറിയിച്ചത്.
റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലെത്തിയത്. എമ്പുരാൻ ചരിത്രം സൃഷ്ടിച്ചുവെന്നാണ് പ്രത്യേക പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചത്.നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. അതേസമയം ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തീയേറ്ററുകളിലെത്തും.
പ്രമേയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തിൽനിന്ന് നീക്കം ചെയ്തത്. മുരളി ഗോപിയുടേതാണ് തിരക്കഥ. മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്.ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.
ഇതിനിടെ എമ്പുരാന് പിന്തുണയുമായി ഫെഫ്ക രംഗത്തെത്തി. സംവിധായകനും നടനുമെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾ നിർഭാഗ്യകരവും പ്രതിഷേധാത്മകമാണെന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.
റീ എഡിറ്റ് പൂർത്തിയാക്കി എമ്പുരാൻ ഉടൻ തിയറ്ററുകളിലേക്ക് എത്തും. സിനിമയിലെ ആദ്യഭാഗത്തെ മൂന്നു മിനിറ്റാണ് എഡിറ്റ് ചെയ്തത്. എഡിറ്റ് ചെയ്ത ഭാഗത്തിൽ വില്ലന്റെ പേരിന് മാറ്റമുണ്ട്. സിനിമയിലെ ചില സ്ഥലത്തിന്റെ പേരിലും, അന്വേഷണ ഏജൻസികളുടെ ബോർഡുകളും വെട്ടി മാറ്റിയിട്ടുണ്ട് എന്നാണ് വിവരം. ചിത്രം റീ എഡിറ്റ് ചെയ്തെങ്കിലും ആസ്വാദനത്തെ ബാധിക്കില്ലെന്നാണ് അണിയറ പ്രവർത്തകരുടെ വിലയിരുത്തൽ. സിനിമയുടെ പേരിലുയർന്ന വിവാദങ്ങളിൽ മോഹൻലാലിന്റെ ഖേദപ്രകടനം പൃഥ്വീരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും തിരക്കഥാകൃത്ത് മുരളീ ഗോപിയുടെ മൗനം ശ്രദ്ധേയമാണ്.