ഫെഡറല്‍ ജീവനക്കാര്‍ക്ക് ഇലോണ്‍ മസ്‌കിൻ്റെ അന്ത്യശാസനം:കഴിഞ്ഞ ഒരാഴ്‌ച നല്‍കിയ സംഭാവനകളെക്കുറിച്ച് രണ്ട് ദിവസത്തിനകം വിശദീകരിക്കണം

ന്യുയോർക്ക് : ഫെഡറല്‍ ജീവനക്കാര്‍ അന്ത്യശാസനവുമായി ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ഒരാഴ്‌ച നല്‍കിയ സംഭാവനകളെക്കുറിച്ച് രണ്ട് ദിവസത്തിനകം വിശദീകരികണം നല്കണമെന്നാണ് നിർദ്ദേശം .
ജീവനക്കാര്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പം ഇത് സൃഷ്‌ടിച്ചിരിക്കുകയാണ്. ഫെഡറല്‍ സര്‍ക്കാരിന്‍റെ അംഗ സംഖ്യ വെട്ടിക്കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തല്‍.
പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ചെലവ് ചുരുക്കല്‍ മേധാവിയായ മസ്‌ക് തന്‍റെ സാമൂഹ്യമാധ്യമത്തിലൂടെയാണ് ജീവനക്കാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച ഇ-മെയില്‍ ഉടനെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിര്‍ദേശപ്രകാരമാണ് ഇതെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. മറുപടി നല്‍കാന്‍ വീഴ്‌ച വരുത്തുന്നത് രാജിയായി കണക്കാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എക്‌സിലെ കുറിപ്പിന് തൊട്ടുപിന്നാലെ തന്നെ ഫെഡറല്‍ ജീവനക്കാരിലുള്‍പ്പെട്ട ചില ന്യായാധിപന്‍മാര്‍, കോടതി ജീവനക്കാര്‍, ജയില്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഇത് സംബന്ധിച്ച മെയില്‍ ലഭിച്ചു. ഈ മെയിലിന് അഞ്ച് വരികളായിട്ടെങ്കിലും മറുപടി ലഭിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിന്‍റെ പകര്‍പ്പ് നിങ്ങളുടെ മാനേജര്‍ക്കും നല്‍കിയിരിക്കണമെന്നും മെയിലില്‍ പറയുന്നു. തിങ്കളാഴ്‌ച രാത്രി 11.59 വരെയാണ് മറുപടി നല്‍കാന്‍ സമയം അനുവദിച്ചിട്ടുള്ളത്. അതേസമയം മെയിലില്‍ മസ്‌കിന്‍റെ സാമൂഹ്യമാധ്യമ പോസ്റ്റിലെ ഭീഷണിയില്ലെന്നതും ശ്രദ്ധേയമാണ്.