ടെസ്‍ല പ്ലാന്‍റിന് ഇന്ത്യയിൽ ഭൂമി തേടി മസ്‍ക്

അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ ആദ്യത്തെ ഷോറൂം തുറക്കുന്നതിനുള്ള പ്രോപ്പർട്ടിയും കമ്പനി അടുത്തിടെ അന്തിമമാക്കി. ഇപ്പോൾ കമ്പനി തങ്ങളുടെ വാഹനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഒരുങ്ങുകയാണ്. ഇതിനായി കമ്പനി ഒരു കംപ്ലീറ്റ് നോക്ക്ഡ് ഡൗൺ (സികെഡി) അസംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ അസംബ്ലി പ്ലാന്റിനായി കമ്പനി ഇന്ത്യയിൽ സ്ഥലം അന്വേഷിക്കാനും തുടങ്ങിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ സത്താറയിൽ ഒരു അസംബ്ലി പ്ലാന്റിനായി ടെസ്‌ല ഭൂമി അന്വേഷിക്കുന്നതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ഇലക്ട്രിക് കാറുകളുടെ ഭാഗങ്ങൾ പ്രത്യേകം ഇറക്കുമതി ചെയ്ത് ഇവിടെ കൂട്ടിച്ചേർക്കുന്ന ഒരു സികെഡി പ്ലാന്റായിരിക്കും ഇത്. ഇത് വാഹനത്തിന്റെ വില കുറയ്ക്കാൻ സഹായിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗുമായി സംയുക്ത സംരംഭത്തെക്കുറിച്ച് ടെസ്‌ല നേരത്തെ ചർച്ച ചെയ്തിരുന്നു. എങ്കിലും, മേഘ എഞ്ചിനീയറിംഗുമായുള്ള ചർച്ചകളിൽ ഒരു തീരുമാനത്തിലോ കരാറിലോ എത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതിനുപുറമെ, രാജ്യത്തെ മറ്റ് ചില കമ്പനികളുമായും ടെസ്‌ല ബന്ധപ്പെട്ടിരുന്നു, എന്നാൽ ഇതുവരെ ഒരു കരാറിലും അന്തിമ തീരുമാനമായിട്ടില്ല.