എഴുന്നള്ളത്തിനിടെ ആനയിടഞ്ഞ സംഭവം :മരണം മൂന്നായി !

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിക്കാനായി കൊണ്ടുവന്ന ആനകൾ ഇടഞ്ഞു അപകടം ഉണ്ടായ സംഭവത്തിൽ മരണം മൂന്നായി .
തിക്കിലും തിരക്കിലും പെട്ട് കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരാണ് മരിച്ചത്. 30 ഓളം പേർക്ക് പരിക്കേട്ടിട്ടുമുണ്ട് .ഇവരിൽ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.
എഴുന്നള്ളത്തിനിടെയാണ് രണ്ട് ആനകൾ ഇടഞ്ഞത്. ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു. ആനകള്‍ ഇടഞ്ഞതോടെ ആളുകള്‍ നാല് ഭാഗത്തേക്കും ഓടുകയായിരുന്നു. പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്.ഇടഞ്ഞോടുന്നതിനിടെ ക്ഷേത്രത്തിലെ കെട്ടിടം ആനകള്‍ കുത്തിമറിച്ചിരുന്നു. ഇതോടെ സമീപത്ത് നിന്നവരുടെ ശരീരത്തിലേക്കടക്കം കെട്ടിടം മറിഞ്ഞു വീണു. കെട്ടിടത്തിന് അകത്തും പുറത്തുമായി നിന്നവര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റത്.
ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി കാട്ടുവയല്‍ ഭാഗത്ത് നിന്നും അണേല ഭാഗത്ത് നിന്നുമുള്ള ആഘോഷവരവുകള്‍ വരുന്നതിനിടെയാണ് സംഭവം. ഘോഷയാത്ര ക്ഷേത്ര പരിസരത്ത് എത്തിയപ്പോള്‍ വലിയ രീതിയില്‍ കരിമരുന്ന് പ്രയോഗം നടന്നിരുന്നു. ഇതിനിടെ പീതാംബരൻ എന്ന ആന ഇടഞ്ഞു. ഈ ആന തൊട്ടടുത്ത് നിന്ന ഗോകുൽ എന്ന ആനയെ കുത്തുകയും രണ്ട് ആനകളും കൊമ്പ് കോർക്കുകയും ചെയ്തു. ഇതിന് പിന്നാലെ രണ്ട് ആനകളും ഇടഞ്ഞോടി. തൊട്ടടുത്ത പ്രദേശത്തേക്ക് ഓടിയ ആനകളെ അര മണിക്കൂർ കഴിഞ്ഞാണ് തളച്ചത്.ആന ക്ഷേത്രത്തിലെ കെട്ടിടം ഇടിച്ചു തകർത്തപ്പോൾ അവിടെ ഇരുന്നവരുടെ മുകളിലത് വീണാണ് പലർക്കും ഗുരുതരപരിക്കുകളേറ്റത് .ഭയന്നോടിയവർക്കും അപകടം പറ്റി.