രക്ഷാദൗത്യം വിഫലം; തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു
തൃശ്ശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റില്‍ കാട്ടാന വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളും ചേർന്ന് രക്ഷപ്രവർത്തനത്തിന് നേതൃത്വം നടത്തി. മണിക്കൂറുകളോളം ആന കിണറ്റില്‍ കിടന്നു. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി ആനയെ കരയ്ക്കുകയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ ഇതിനിടെ ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലായത്. ഇതോടെ മണിക്കൂറുകളോളം നീണ്ട രക്ഷാദൗത്യം വിഫലമായി.അതോടെ ആനയുടെ ജഡം പുറത്തെടുക്കാനുള്ള നീക്കത്തിലാണിപ്പോൾ . ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് ആനയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നത്. ഇങ്ങനെ തന്നെ ആനയുടെ ജഡം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണര്‍ തന്നെയാണിത്. അല്‍പം ആഴമുള്ള കിണറ്റിൽ കാട്ടാന അബദ്ധവശാൽ വീഴുകയായിരുന്നു.