കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ രാഹുൽ ഗാന്ധി സന്ദർശിച്ചു
വയനാട് : കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെയും പോളിന്‍റെയും വീടുകൾ സ്ഥലം എംപി രാഹുൽ ഗാന്ധി സന്ദർശിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർക്കൊപ്പമാണ് രാഹുൽ എത്തിയത്.
ഞായറാഴ്ച രാവിലെ ഏഴരയോടെ അജീഷിന്‍റെ വീട്ടിലെത്തിയ രാഹുൽ ഇരുപത് മിനിറ്റോളം കുടുംബാംഗങ്ങളുമായി സംസാരിച്ചു. അതിനു ശേഷം തന്നെ കാണാനെത്തിയ നാട്ടുകാരുമായും അദ്ദേഹം സംസാരിച്ചു. ആനയെ പിടികൂടാൻ സാധിക്കാത്തതിലുള്ള പ്രതിഷേധം നാട്ടുകാർ എംപിയെ അറിയിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്താമെന്ന ഉറപ്പ് രാഹുൽ നൽകുകയും ചെയ്തു.
ഇവിടെ നിന്നാണ് കുറുവദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്‍റെ വീട്ടിലേക്ക് രാഹുൽ എത്തിയത്. പോളിന്‍റെ ബന്ധുക്കളുമായി സംസാരിച്ച ശേഷം ബത്തേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്‍റെ വീട്ടിലേക്കു പോയി.
കൽപ്പറ്റ ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്തിരിക്കുന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമായിരിക്കും രാഹുൽ മടങ്ങുക. ഭാരത് ജോഡോ യാത്രയ്ക്ക് ഇടവേള നൽകിയാണ് രാഹുൽ സ്വന്തം മണ്ഡലത്തിലെത്തിയിരിക്കുന്നത്.