മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമം: 2 യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: മോഷ്ടിച്ച ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ വനം വകുപ്പിന്റെ പിടിയിൽ. മേമല സ്വദേശി വിനീത് (31), വെള്ളനാട് സ്വദേശി നിബു ജോൺ (33) എന്നിവരാണ് പിടിയിലായത്. 4 കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ ഇവരിൽ നിന്നു പിടിച്ചെടുത്തു. വെള്ളനാട് ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇരുവരേയും വനം വകുപ്പിന്റെ സ്പെഷ്യൽ ഫ്ലയിങ് സ്ക്വാഡ് പൊക്കിയത്.
രഹസ്യ വിവരത്തെ തുടർന്നു പ്രദേശത്ത് സ്ക്വാഡിന്റെ നിരീക്ഷണമുണ്ടായിരുന്നു. അതിനിടെ രാത്രിയോടെയാണ് ഇവരെ പിടികൂടിയത്. ബൈക്കിലെത്തിയ യുവാക്കൾ ക്ഷേത്രത്തിനു സമീപത്തു വച്ച് ആനക്കൊമ്പ് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയവർ ഓടി രക്ഷപ്പെട്ടു.