വീണ്ടും റെക്കോർഡിട്ട് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
വൈദ്യുതി ഉപയോഗത്തിൽ വീണ്ടും സർവ്വകാല റെക്കോർഡ്.സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈത്യുതി 114.18 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങിനു പകരം നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനത്തിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ വൈദ്യുതി ഉപഭോഗത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോഡ് ഉണ്ടായിരിക്കുന്നത്.ഇന്നലെ കേരളത്തിൽ ആകെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലേയും റെക്കോഡാണിത്.
92.10 ദശലക്ഷം യൂണിറ്റാണ് പുറത്തു നിന്നും എത്തിച്ചത്. പീക്ക് സമയ ആവശ്യകത 5797 മെഗാവാട്ടിലെത്തി റെക്കോർഡിട്ടു. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിട്ടും ഉപയോഗം കുറയാത്തതാണ് ബോർഡിനെ ആശങ്കപ്പെടുത്തുന്നു. ഇന്നലെ സംസ്ഥാനത്തെ പലയിടത്തും പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.നിലവിലെ അവസ്ഥ പരിഗണിച്ചു പ്രാദേശിക നിയന്ത്രണം കൂടുതൽ ശക്തമാക്കാനാണ് ബോർഡിൻ്റെ തീരുമാനം. ഇതിനായി ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി.