ആറാംഘട്ട വോട്ടെടുപ്പ്: 58 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്
ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടെടുപ്പിൽ ഇന്ന് 58 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്. ആറാംഘട്ടത്തിൽ 889 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതോടൊപ്പം ഒഡിഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നടക്കും.
കനയ്യ കുമാർ, മനേക ഗാന്ധി, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഘട്ടർ, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവരാണ് ഇന്ന് ജനവിധി തേടുന്ന പ്രമുഖർ. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ ഇന്ന് ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തും.
7 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. ഉത്തർപ്രദേശിലെ 14 സീറ്റിലും, ബംഗാളിലെയും ബീഹാറിലെയും 8 സീറ്റിലും ഒഡിഷയിലെ 6 , ജാർഖണ്ഡിലെ 4 മണ്ഡലങ്ങളിലും ജമ്മു കശ്മീരിലെ ഒരു സീറ്റിലേക്കും വോട്ടെടുപ്പ് നടക്കും.ഹരിയാനയയിലെ 10 ഉം ഡൽഹിയിലെ ഏഴ് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകും. 2019 ൽ 58 മണ്ഡലങ്ങളിൽ 45 ഇടത്തും ബി.ജെ.പി വിജയിച്ചപ്പോൾ ഒരിടത്ത് പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല.
അതേസമയം, ആറാംഘട്ടത്തിൽ ഡൽഹിയിൽ ജനവിധി തേടുന്നത് 162 സ്ഥാനാർഥികളാണ്. മൂന്നാം തവണയും മുഴുവൻ സീറ്റുകളിലേയും വിജയമാണ് ബി.ജെ.പി ലക്ഷ്യം. എന്നാൽ ആം ആദ്മി പാർട്ടിയുമായി ചേർന്ന് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ജയിലിന് വോട്ടിലൂടെ മറുപടി എന്ന ക്യാമ്പയിൻ ജനങ്ങൾ ഏറ്റെടുത്തു എന്ന വിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ 5 ഘട്ടങ്ങൾ പൂർത്തിയായപ്പോൾ 428 മണ്ഡലങ്ങളിലായി 66.39% പേർ വോട്ടു രേഖപ്പെടുത്തി. 2019 ൽ ഇത് 68%. 2024ൽ പോളിങ് ശതമാനത്തിൽ നേരിയ കുറവുണ്ടായിട്ടും ബൂത്തിലെത്തിയവരുടെ എണ്ണത്തിൽ വർധനയുണ്ടായി. ജൂൺ ഒന്നിനാണ് ഏഴാം ഘട്ട വോട്ടെടുപ്പ്. ജൂൺ നാലിന് ഫലപ്രഖ്യാപനം