‘മഹാ വികാസ മുന്നണിയിലൂടെ മഹാരാഷ്ട്ര വികസിക്കില്ല !’
വേണുരാഘവൻ ( സമാജ പ്രവർത്തകൻ ) വാസിനാക്ക , ചെമ്പൂർ
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരുടെ പരാജയം ആഗ്രഹിക്കുന്നു ? എന്തുകൊണ്ട് ?
എംവിഎ സഖ്യം അധികാരത്തിൽ വരരുത് . തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മുന്നണിക്കുള്ളിൽ നടന്നു കൊണ്ടിരിക്കുന്ന തമ്മിൽ പോര് എല്ലാവരും അറിഞ്ഞിരിക്കയല്ലേ . “അധികാരത്തിൽ വരരുത് “എന്ന് പറയാൻ ഇത് തന്നെ കാരണം .കോൺഗ്രസ്സാണോ ഉദ്ദവുതാക്കറെയുടെ പാർട്ടിയാണോ വലുത് എന്ന തർക്കമാണ് ,ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് .സുസ്ഥിരമായ ഒരു സർക്കാറാണ് മഹാരാഷ്ട്രയിൽ വരേണ്ടത് . തെരഞ്ഞെടുപ്പിന് മുമ്പേ അഭിപ്രായത്തിൽ ഐക്യമില്ലാത്ത ഇവർ അധികാരത്തിൽ വന്നാൽ അത് എത്രകാലം നിലനിൽക്കും എന്ന് ബുദ്ധിയും വിവേകവുമുള്ള ആർക്കും ഊഹിക്കാവുന്നതേയുള്ളൂ .
ഉദ്ധവ് സർക്കാർ വീണതിനുശേഷം പിന്നെ നടന്ന രാഷ്ട്രീയ നാടകങ്ങൾ നമ്മൾ കണ്ടതാണ് . ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഉദ്ദവ് താക്കറെയുമായി കൂട്ടുകൂടാൻ തീരുമാനമെടുക്കുന്നു ‘ , എന്ന് അറിഞ്ഞയുടൻ അതിനോട് ആദ്യം ചാനലിലൂടെ വിയോജിപ്പ് അറിയിച്ചയാളാണ് രമേഷ് ചെന്നിത്തല . ആ ചെന്നിത്തല ഉദ്ദവ് താക്കറെയുടെ വീട്ടിൽ ‘സോപ്പിടാൻ ‘ പോയ വാർത്ത ‘സഹ്യ ന്യുസി ‘ ൽ വായിച്ചപ്പോൾ ചിരിയാണ് വന്നത്.
ആര് അധികാരത്തിൽ വരണം ? എന്ത് കൊണ്ട് ?
മഹായുതി മുന്നണി തന്നെ അധികാരത്തിൽ വരണം .കേന്ദ്രസർക്കാരുമായി ഷിൻഡെ സർക്കാർ ചേർന്ന് പ്രവർത്തിക്കുന്നതിന്റെ ഗുണം മഹാരാഷ്ടയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് നമ്മളെല്ലാവരും കാണുന്നുണ്ട് .
മോദി സർക്കാരിന്റെ സഹകരണത്തോടെ നിരവധി വികസന പദ്ധതികൾക്കാണ് ഷിൻഡെ സർക്കാർ തുടക്കം കുറിച്ചിട്ടുള്ളത് .പലതും നടപ്പിൽ വരുത്തിക്കഴിഞ്ഞു . കോൺഗ്രസ്സ് സർക്കാറിന്റെ ഭരണകാലത്തെ
മുംബൈ അല്ല ബിജെപി സർക്കാർ വന്നതിനു ശേഷമുള്ള മുംബൈ. അതാർക്കും മനസ്സിലാകും.ഒരു
വ്യവസായ നഗരത്തിനു ഉണ്ടായിരിക്കേണ്ട മുഖമാണ് ഇന്ന് മുംബയ്ക്കുള്ളത് .ഒരു വർഗ്ഗീയതയേയും ഷിൻഡെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല .എല്ലാ വർഗ്ഗീയ ലഹളകളും ഇവിടെ ഉണ്ടായത് കോൺഗ്രസ്സ് ഭരണകാലത്താണ്.
എത്ര സീറ്റുകൾ ലഭിക്കും ?
വൻഭൂരിപക്ഷത്തോടെ ആയിരിക്കും ബിജെപി നയിക്കുന്ന മുന്നണി അധികാരത്തിൽ വരിക. ജയിച്ചു കഴിഞ്ഞാൽ പല നേതാക്കളും കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ വരുന്ന കാഴ്ച്ചയും നമ്മൾ കാണേണ്ടിവരും.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് :നിങ്ങൾക്കും പ്രതികരിക്കാം.
( നിങ്ങളുടെ അഭിപ്രായങ്ങൾ ഈ വാട്സാപ്പ് നമ്പറിൽ അയക്കുക: 9322285364 – നിഷ മനോജ് )