2024 വോട്ടെടുപ്പ്: 7 ഘട്ടങ്ങളിലായി, കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്, വോട്ടെണ്ണൽ ജൂൺ 4ന്

0

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രാജ്യത്ത് 7 ഘട്ടങ്ങളായിട്ടാവും തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ രണ്ടാം ഘട്ടത്തിലാവും തെരഞ്ഞെടുപ്പ്. കേരളത്തിൽ പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി ഏപ്രിൽ 4, സൂക്ഷ്മ പരിശോധന ഏപ്രിൽ 8. വോട്ടെടുപ്പ് ഏപ്രിൽ 26 നുമായിരിക്കും. രാജ്യത്തെ വോട്ടെണ്ണൽ ഒരുമിച്ച് ജൂൺ നാലിനാണ് നടത്തുക. ഏഴാമത്തെയും അവസാനത്തെയും ഘട്ടം വോട്ടെടുപ്പ് ജൂൺ ഒന്നിനു മാത്രമേ പൂർത്തിയാകൂ.

ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

രാജ്യത്ത് 97 കോടി വോട്ടർമാർ, 10.5 ലക്ഷം പോളിങ് സ്റ്റേഷനുകൾ, 1.5 കോടി പോളിംഗ് ഉദ്യോഗസ്ഥർ ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.പുരുഷ വോട്ടർമാർ 49.7 കോടി,സ്ത്രീ വോട്ടർമാർ 47.1 കോടി, ട്രാൻസ് ജെൻഡേർസ് – 48,000 ,കന്നി വോട്ടർമാർ – 1.85 കോടി,യുവ വോട്ടർമാർ – 19 .74 കോടി, നൂറുവയസിന് മുകളിലുള്ളവർ -2.18 ലക്ഷം ,സർവീസ് വോട്ടർമാർ – 19.1 ലക്ഷം , 82 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ 82 ലക്ഷമാണ്. 88.4ലക്ഷം ഭിന്നശേഷി വോട്ടര്‍മാരുമുണ്ട്. 55 ലക്ഷമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുള്ളത്.

ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറക്കും. കരാർ ജോലിക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കില്ല. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും .താര പ്രചാരകർ പരിധി വിടരുത്. പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്, എതിരാളികളെ അധിക്ഷേപിക്കുന്ന പോസ്റ്ററുകൾ പ്രചരിപ്പിക്കരുത്. പരസ്യങ്ങൾ വാർത്തയായി അവതരിപ്പിക്കരുത്, ഭിന്നശേഷിക്കാരോടുള്ള വോട്ട് പ്രചാരണത്തിൽ മാന്യത പുലർത്തണം തുടങ്ങിയ നിർദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *