തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്

0

 

കാസർകോട്∙  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവരെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച കാരണമെന്ന് വ്യക്തമാക്കുന്നതാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി. സമയപരിധി കഴിഞ്ഞശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചതെന്ന് കോടതി ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പ് കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന ചട്ടം പാലിച്ചില്ല.കുറ്റപത്രം സമര്‍പ്പിച്ചത് ഒരു വർഷവും ഏഴു മാസവും കഴിഞ്ഞാണ്. തിരഞ്ഞെടുപ്പ് കോഴക്കേസിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത് 2021 മാർച്ച് 21ന്. അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപിച്ചത് 2023 ഒക്ടോബർ ഒന്നിനും. ഒരു വർഷവും 7 മാസവും കഴിഞ്ഞാണ് റിപ്പോർട്ട് സമർപിച്ചത്.

ഒരു വർഷത്തിനകം റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ നിയമനടപടി സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസിന്റെ കാലതാമസത്തിന്റെ കാരണം വ്യക്തമല്ല.2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ഫയൽ ചെയ്ത കോഴക്കേസിലാണ് ബിജെപി നേതാക്കൾക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യുഷൻ പരാജയപ്പെട്ടത്. ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലി‍ൽവച്ച് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കുകയും കോഴയായി 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും നൽകുകയും ചെയ്തുവെന്നാണ് കേസ്. സുന്ദരയ്ക്ക് പിന്നീട് സിപിഎം സഹകരണ സ്ഥാപനത്തിൽ ജോലി നൽകി പാർട്ടി സംരക്ഷിച്ചിരുന്നു.

പൊലീസിന് വീഴ്ച പറ്റിയതാണ് കേസിൽ പരാജയപ്പെടാൻ കാരണമെന്ന ആരോപണമാണ് വിധിക്കു ശേഷം കെ.സുന്ദരയും ഉന്നയിച്ചത്.സുന്ദരയെ ബിജെപി നേതാക്കൾ തടങ്കലി‍ലാക്കി ഭീഷണിപ്പെടുത്തിയെന്ന് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും തെളിവുകളും ഹാജരാക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടു. തന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും താൻ ബിജെപിയിൽ ചേ‍ർന്നതും നോമിനേഷൻ പിൻവലിച്ചതും സ്വന്തം ഇഷ്ട പ്രകാരമാണെന്നും സുന്ദര ബദിയടുക്ക പൊലീസിൽ നൽകിയ മൊഴി പ്രതിഭാഗം ഹാജരാക്കി. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥർക്കു നൽകിയ സാക്ഷി മൊഴികൾ തന്നെ പ്രതിഭാഗത്തിന് അനുകൂലമായി മാറി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *