പെരിയ ഇരട്ടക്കൊല കേസിലെ പ്രതി കെ മണികണ്‌ഠനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ മണികണ്‌ഠനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. സിബിഐ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗമാണ് കെ മണികണ്‌ഠൻ.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം നേരത്തെ മണികണ്‌ഠൻ രാജിവച്ചിരുന്നു. കേസിലെ 14-ാം പ്രതിയാണ് മണികണ്‌ഠൻ. ആദ്യം ഇയാളെ കോടതി അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും പ്രതികളായ നേതാക്കൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്‌തു.
കോൺഗ്രസ് നേതാവ് അഡ്വ. എം കെ ബാബുരാജ് ആണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. അതേസമയം തനിക്കെതിരെയുള്ള കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മണികണ്‌ഠൻ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സുപ്രീംകോടതി നിർദേശം നൽകി.
പൊലീസ് കസ്‌റ്റഡിയില്‍നിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടു പോയെന്ന കുറ്റമാണ് സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമന്‍, കെ മണികണ്‌ഠന്‍, വെളുത്തോളി രാഘവന്‍, കെ വി ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്നത്.