മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ!! :”വോട്ട് മോഷ്ടിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്ക് കൂട്ടുനിന്നു”:രാഹുൽ ഗാന്ധി

ബെംഗളൂരുവിൽ കോൺഗ്രസ് മാർച്ച് ഇന്ന്
ന്യൂഡൽഹി: സുപ്രധാന വിവരങ്ങൾ മറിച്ചുവച്ച് ഇന്ത്യയിലെ ജനാധിപത്യത്തെ നശിപ്പിക്കാൻ ബിജെപിയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഒത്തുകളിക്കുകയാണെന്ന് രാഹുൽ ഗാന്ധി.വോട്ട് മോഷ്ടിക്കാൻ തെരഞ്ഞടുപ്പ് കമ്മിഷൻ കൂട്ടു നിന്നെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉയർത്തി. ഈ വിഷയം ഉന്നയിച്ച് കോൺഗ്രസ് ബെംഗളൂരുവിൽ മാർച്ച് നടത്തുമെന്നും ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കപ്പെടുകയാണെന്ന യാഥാർഥ്യം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കണക്കുകളും രേഖകളും നിരത്തിയായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ‘മഹാരാഷ്ട്രയിൽ അസാധാരണ പോളിങ്ങാണ് നടന്നത്. 5 മണി കഴിഞ്ഞപ്പോൾ പോളിങ് പലയിടത്തും കുതിച്ചുയർന്നു. ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ രേഖകള്‍ കമ്മിഷൻ നശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളും 45 ദിവസങ്ങൾ കഴിഞ്ഞപ്പോൾ നശിപ്പിച്ചു. കോൺഗ്രസ് ആവശ്യപ്പെട്ട വിവരങ്ങള്‍ നൽകാൻ കമ്മിഷൻ തയ്യാറായില്ല. ഇതിനായി കമ്മിഷൻ നയം മാറ്റി. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാരുണ്ടായിരുന്നു. കർണാടകയിലും ക്രമക്കേട് നടന്നിട്ടുണ്ട്. ഇല്ലാത്ത വിലാസങ്ങളിൽ വ്യാജ വോട്ടർമാരെ മിക്കയിടങ്ങളിലും തിരുകി കയറ്റി’ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.70 വയസുള്ള ഒരു സ്ത്രീ ബെംഗളൂരുവിലെ വോട്ടർ പട്ടികയിൽ കന്നി വോട്ടറായി സ്ഥാനം പിടിച്ചു. രണ്ടു തവണ ഇവരുടെ പേര് വന്നിട്ടുണ്ട്. ഇവർ രണ്ടു തവണ വോട്ട് ചെയ്തു. വോട്ടർപട്ടികയിൽ ചിലരുടെ പിതാവിൻ്റെ പേരിൻ്റെ സ്ഥാനത്ത് അക്ഷരങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പല വോട്ടർമാർക്കും വീട്ടു നമ്പർ ഇല്ല. പലരുടേയും വീട്ടു നമ്പർ പൂജ്യമെന്നാണ് വോട്ടർ പട്ടികയിലുള്ളത്.
80 പേർ ഒരേ മുറിയിൽ കഴിയുന്നതായി വോട്ടർ പട്ടികയിലെ വിലാസത്തിലുണ്ട്. മറ്റൊരു അഡ്രസിൽ 46 പേർ കഴിയുന്നതായാണ് രേഖകൾ. പരിശോധിച്ചപ്പോൾ ഇവിടെയെങ്ങും ആരും താമസിക്കുന്നില്ല. ആർക്കും ഇവരെ അറിയുക പോലും ഇല്ല. 40,009 തെറ്റായ മേൽവിലാസങ്ങൾ കോൺഗ്രസ് അന്വേഷണത്തിൽ കണ്ടെത്തി. അതുപോലെ പല വോട്ടർമാരുടെയും ഫോട്ടോ ഇല്ല. തിരിച്ചറിയാനാകാതെ ഫോട്ടോ കൊടുത്ത ലിസ്റ്റുകളുമുണ്ട് എന്നും രാഹുൽ ചൂണ്ടിക്കാട്ടി.
‘ഒരു ദിവസം പ്രതിപക്ഷം അധികാരത്തിൽ വരും. ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാ പോളിങ് ഉദ്യോഗസ്ഥരും ഇതിൻ്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും. ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ കാണും. ജൂഡീഷ്യറി ഇടപെടേണ്ടതുണ്ട്’, രാഹുൽ ഗാന്ധി പറഞ്ഞു.
ഒരു ലോക്സഭാ മണ്ഡലത്തിൽ ആകെയുള്ള 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേരും വ്യാജന്മാരായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാരുണ്ടാക്കിയത് ഇങ്ങനെ നേടിയ സീറ്റുകൾ ഉപയോഗിച്ചാണ്. 2014 മുതൽ തെരഞ്ഞെടുപ്പിൽ അട്ടിമറി സംഭവിക്കുന്നുണ്ടെന്ന് സംശയിക്കുന്നുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കുന്നില്ല എന്നത് അത്ഭുതകരമാണെന്നും രാഹുൽ പറഞ്ഞു.’തെരഞ്ഞെടുപ്പ് കമ്മിഷൻ ജനാധിപത്യത്തെ നശിപ്പിക്കുന്ന ജോലിയല്ല, മറിച്ച് സംരക്ഷിക്കുന്ന ജോലിയാണ് ചെയ്യേണ്ടത്. ഇന്ത്യക്കെതിരെ ഒരു വലിയ കുറ്റക്യത്യം നടക്കുന്നുണ്ടെന്ന ബോധ്യം ഞങ്ങൾക്കുണ്ട്. സിസിടിവി ദൃശ്യങ്ങളും വോട്ടർപട്ടികയും അതിന് തെളിവാണ്. എന്നാൽ ഇത് നശിപ്പിക്കുന്ന തിരക്കിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ.അധികാരത്തിലിരിക്കുന്ന പാർട്ടിയും ഇലക്ഷൻ കമ്മിഷനും വൻതോതിലുള്ള ക്രിമിനൽ തട്ടിപ്പ് നടത്തുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഞങ്ങൾക്ക് ഡാറ്റ നൽകുന്നില്ല എന്ന വസ്തുത ഞങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. എക്സിറ്റ് പോളുകൾ പലതും പറയും. പക്ഷേ ഫലങ്ങൾ വിപരീത ദിശയിലാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. രാജ്യം മുഴുവൻ ഒരൊറ്റ ദിവസം വോട്ട് ചെയ്തു. എന്നാൽ ഇന്ന് എല്ലാ സംസ്ഥാനങ്ങളിലും വേറെ വേറെ വോട്ടെടുപ്പ് നടക്കുന്നു. ഇത് ഒരു മാസത്തോളം നീണ്ടു നിൽക്കുന്നു’, രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.ഹരിയാന, കർണാടക, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടന്നതായി തെളിയിക്കാൻ ധാരാളം തെളിവുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തേക്കാൾ വളരെ കൂടുതലാണ് അഞ്ച് മാസത്തിനുള്ളിൽ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയ വോട്ടർമാരുടെ എണ്ണം. മഹാരാഷ്ട്രയിൽ 40 ലക്ഷം വോട്ടർമാരെയെങ്കിലും വോട്ടർ പട്ടികയിൽ ചേർത്തിട്ടുണ്ട്.
കർണാടക ലോക്സഭയിൽ 16 ഇടങ്ങളിൽ വിജയമുണ്ടാവുമെന്ന് സർവേകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേടിയത് ഒമ്പത് സീറ്റുകള്‍ മാത്രമാണ്. 1,14,046 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു മഹാദേവപുരയിലെ ബിജെപിയുടെ വിജയത്തിന് നിർണായകമായ ഘടകം. ഇതിൽ 1,00,250 വോട്ടുകളും തട്ടിയെടുത്തതാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.1,00,250 ‘വോട്ട് മോഷണ’ ങ്ങളിൽ 11,965 വ്യാജ വോട്ടർമാരാണ്. 40,009 പേർ വ്യാജവും അസാധുവായ വിലാസങ്ങൾ ഉപയോഗിച്ചവരാണ്. 10,452 ഒറ്റ വിലാസത്തിൽ ഉൾപ്പെട്ടവരാണ്. 4132 പേർ അസാധുവായ ഫോട്ടോഗ്രാഫുകൾ ഉപയോഗിക്കുന്നു. 33,692 പുതിയ വോട്ടർമാരെ ചേർത്തെന്നും അദ്ദേഹം പറഞ്ഞു.