മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് : കല്യാൺ റൂറൽ മേഖലയിൽ പോരാട്ടം ശക്തമാകും

0

മുരളീദാസ് പെരളശ്ശേരി

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ താനേ ജില്ലയിലെ കല്യാൺ റൂറൽ അസംബ്ലി മണ്ഡലത്തിൽ ഇത്തവണ കടുത്ത മത്സരമാകും കാഴ്ചവെക്കാൻ പോകുന്നത്. .ശക്‌തമായ ത്രികോണമത്സരം ഇവിടെ നടക്കും. കല്യാൺ രാഷ്ട്രീയത്തിൽ ‘ആരാടാ വലിയവൻ ‘എന്നതിനുള്ള ഉത്തരം കണ്ടെത്തൽ കൂടിയാകും ഈ തെരഞ്ഞെടുപ്പ്.അതിനായി നവംബർ 23 വരെ നമുക്ക് കാത്തിരിക്കേണ്ടിവരും. 2019ൽ മഹാരാഷ്ട്ര നവനിർമ്മാൺ സേനയുടെ പ്രമോദ് (രാജു )രത്തൻ പാട്ടീൽ 93927വോട്ടിന് വിജയിച്ച ഈ മണ്ഢലത്തിൽ ഇത്തവണ എംഎൻസിന് എതിരാളികളായി ശിവസേനയിലെ രണ്ടു വിഭാഗവുമുണ്ട്.

2019 ൽ നവനിർമ്മാണ സേനയ്ക്ക് ലഭിച്ച ഏക സീറ്റാണ് രാജുരത്തൻപാട്ടീലിൻ്റെത് . ശിവസേനയുടെ രമേശ് മാത്രെയേ ഏകദേശം ഏഴായിരം വോട്ടുകൾക്കാണ് അദ്ദേഹം പരാജയപെടുത്തിയത് .2009 ൽ എംഎൻസ് ടിക്കറ്റിൽ മത്സരിച്ച രാജു രത്തൻപാട്ടീലിന്റെ സഹോദരൻ രമേശ്‌പാട്ടീൽ 9000ൽ പരം വോട്ടുകൾക്കാണ് രമേശ് മാത്രയെ പരാജയപ്പടുത്തിയത് .
അടുത്ത നിയമസഭാതെരഞ്ഞെടുപ്പിൽ (2014 ) രമേശ് പാട്ടീലിനെ 44,212 വോട്ടുകൾക്ക് ശിവസേനയുടെ സുഭാഷ് ബോയിർ പരാജയപ്പെടുത്തി. ഇത്തവണ ഉദ്ദവ് ശിവസേനയുടെ സ്ഥാനാർത്ഥിയായി സുഭാഷ് ബോയിറും ഷിൻഡെ സേനയുടെ സ്ഥാനാർത്ഥിയായി രാജേഷ് മോറെയും മത്സരിക്കുന്നു. മൂന്നുപേരും കരുത്തരാണ്

1978 മുതൽ 2004 വരെ കോൺഗ്രസ്സ് ജയിച്ചു വന്നിരുന്ന മണ്ഡലമാണിത് .ഇടയ്ക്ക് കോൺഗ്രസ്സ് പിന്തുണയോടെ രണ്ടു തവണ സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്. കല്യാൺ റൂറൽ അസംബ്ലി നിയോജകമണ്ഡലം കല്യാൺ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ശിവസേന സ്ഥാനാർത്ഥി ശ്രീകാന്ത് ഏകനാഥ് ഷിൻഡെ ഈ സീറ്റിൽ നിന്ന് 209144 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉദ്ദവ് ശിവസേനയുടെ വൈശാലി ദാരേക്കറിനെ പരാജയപ്പെടുത്തിയത്.

ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് NDA സഖ്യത്തോട് ആഭിമുഖ്യം കാണിച്ച MNS അധ്യക്ഷൻ രാജ് താക്കറെ, തൻ്റെ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ഓഫീസ് ഷിൽപാട്ടയിൽ ഉദ്‌ഘാടനം ചെയ്‌ത അവസരത്തിൽ എംവിഎ സഖ്യത്തെയും സംസ്‌ഥാന സർക്കാറിനെതിരെയും ശക്തമായി വിമർശനം ഉന്നയിച്ചിരുന്നു.

ആദിത്യ താക്കറെ (ഉദ്ദവ് ),മിലിന്ദ് ദിയോറ (ഷിൻഡെ ) സന്ദീപ് ദേശ്‌പാണ്ഡെ (എംഎൻഎസ് )എന്നിവർ മത്സരിക്കുന്ന വർളിയിലും അവിഭക്ത ശിവസേനയുടെ ജന്മഭൂമിയായ മാഹിമിലും സമാനമായ ത്രികോണമത്സരമാണ്.മാഹിമിൽ രാജ് താക്കറെയുടെ മകൻ അമിത് താക്കറെ ,ശിവസേന ഷിൻഡെ വിഭാഗം സിറ്റിംഗ് എംഎൽഎ സദാസർവംഗർ , ഉദ്ദവ് ശിവസേനയുടെ- ‘വിഭാഗ് പ്രമുഖ് ‘ ആയ ഉമേഷ് സാവന്ത് എന്നിവർ മത്സരിക്കുന്നു.
ലോകസഭാ തെരഞ്ഞെടുപ്പിൽ എംഎൻഎസ് പിന്തുണച്ചതിന്റെ പേരിൽ രാജ് താക്കറെയുടെ മകനെതിരെ മത്സരിക്കേണ്ട എന്നൊരു തീരുമാനം ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാവുകയും
സ്ഥാനാർത്ഥിയെ പിൻവലിക്കാൻ ഷിൻഡെയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്‌തെങ്കിലും മഹായുതി സ്ഥാനാർത്ഥിയും മൂന്നുവർഷം മാഹിമിൽ നിന്ന് എംഎൽഎയുമായ – സിദ്ധിവിനായക് ക്ഷേത്രത്തിൻറെ ചെയർമാൻ കൂടിയായ സദാസർവംഗർ പിന്മാറാൻ ഇതുവരെ തയ്യാറായിട്ടില്ല. നോമിനേഷൻ പിൻവലിക്കാനായി പല വാഗ്‌ദാനങ്ങളും എംഎൻഎസും ‘മഹായുതി’യും അദ്ദേഹത്തിന് നൽകി ‘സമ്മർദ്ധിച്ചു ‘കൊണ്ടിരിക്കുന്നു എന്ന വാർത്ത സർവംഗർ നിഷേധിച്ചിട്ടുമുണ്ട്.

എന്തായാലും വരുന്ന നിയമസഭാതെരഞ്ഞെടുപ്പിലെ ഏറ്റവും വാശിയേറിയ ഒരു മത്സരമായിരിക്കും താനെ ജില്ലയിലെ കല്യാൺ റൂറ ലിൽ നടക്കാൻപോകുന്നത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *