വൈദ്യുതി ഉപഭോഗം സംസ്ഥാനത്ത് സര്‍വകാല റെക്കോർഡ്: മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ പത്തുമണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. 2023 ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ട് ആണ് മറികടന്നത്. 100 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്തം വൈദ്യുതി ഉപഭോഗം.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നതോടെ എസി ഉപഭോഗം കൂടുന്നതാണ് വൈദ്യുതിക്ക് ഇത്രമാത്രം ചിലവുണ്ടാകാൻ പ്രധാനമായും കാരണമാകുന്നതെന്നാണ് സൂചന. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്. വൈദ്യുതി ഉപഭോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ വൈദ്യുതി ക്ഷാമം, സാമ്പത്തിക ബാധ്യത അടക്കം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി.
നിലവില്‍ വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ഉയര്‍ന്ന വില കൊടുത്താണ് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത്. പീക്ക് സമയത്ത് ആറുകോടി രൂപയാണ് ഇതിനായി കെഎസ്ഇബി ചെലവഴിക്കുന്നത്. വൈദ്യുതി ഉപഭോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ ഇത് ബാധ്യതയായി മാറുമെന്ന ആശങ്കയിലാണ് കെഎസ്ഇബി.