തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് സോഫ്റ്റ് വെയര്‍
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരെ പക്ഷപാതരഹിതമായും സുതാര്യമായും നിയമിക്കുന്നതിന് ഓർഡർ എന്ന പേരിൽ സോഫ്റ്റ്വെയർ സജ്ജമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗസ്ഥ നിയമനം നടത്തുക. വോട്ടെടുപ്പ് ദിവസം ബൂത്തുകളിൽ വെബ് കാസ്റ്റ് സംവിധാനം ഒരുക്കും. സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളും സിസിടിവി നിരീക്ഷണത്തിൽ ആയിരിക്കും.
വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചിട്ടുള്ളവരുടെ 21,04,787 കാർഡുകൾ പ്രിന്റിങ്ങിന് അയച്ചു. ഇതിൽ 17,25,176 കാർഡുകൾ പ്രിന്റിംഗ് പൂർത്തിയാക്കി തിരികെ ലഭിച്ചു. ഇവ വിതരണം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു . ഈ മാസം അവസാനത്തോടുകൂടി വിതരണം പൂർത്തിയാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ലോക്‌സഭ തെരെഞ്ഞെടുപ്പിന് കേരളത്തില്‍ ആകെ 25,358 ബൂത്തുകൾ സജ്ജമാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും ഇതില്‍ ഉള്‍പ്പെടും. എല്ലാ ബൂത്തുകളിലും കുടിവെള്ളം, ശൗചാലയം, റാമ്പ്, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടാകും.
സ്ത്രീ, ഭിന്നശേഷി, യുവ,സൗഹൃദ ബൂത്തുകളും മാതൃക, ഹരിത ബൂത്തുകളും ഉണ്ടാകും. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 555 ബൂത്തുകൾ, യുവാക്കൾ മാത്രം നിയന്ത്രിക്കുന്ന നൂറു ബൂത്തുകൾ, ഭിന്നശേഷിക്കാർ മാത്രം നിയന്ത്രിക്കുന്ന 10 ബൂത്തുകൾ, 2,776 മാതൃക ബൂത്തുകൾ എന്നിവയും ഉണ്ടാകും. 85 വയസ്സിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും 40% വൈകല്യമുള്ള ഭിന്നശേഷിക്കാർക്കും വീടുകളിൽ വോട്ട് ചെയ്യാൻ കഴിയും.