ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം ശനിയാഴ്ച 3 മണിക്ക്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും. പൊതു തെരഞ്ഞെടുപ്പിനൊപ്പം ആറു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തിയതിയും ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പു കമ്മിഷൻ വക്താവ് എക്സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിക്കിം, അരുണാചൽ പ്രദേശ്, ഒഡീശ, ആന്ധ്രപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തിയതികളാണ് പ്രഖ്യാപിച്ചേക്കുക. 2024 ജൂൺ വരെയാണ് കേന്ദ്ര സർക്കാരിന്‍റെ കാലാവധി.
പുതിയ തെരഞ്ഞെടുപ്പു കമ്മിഷർമാർ അധികാരമേറ്റതിനു പിന്നാലെ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തെരഞ്ഞെടുപ്പു തിയതി ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് കമ്മിഷൻ വക്താവ് വ്യക്തമാക്കിയത്. ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരാണ് തെരഞ്ഞെടുപ്പു കമ്മിഷറായി പുതുതായി ചുമതലയേറ്റത്. രാജീവ് കുമാറാണ് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സർവേകൾ ബുധനാഴ്ച പൂർത്തിയായിരുന്നു. 2024 സെപ്റ്റംബർ 30നു മുൻപേ ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പു നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.