വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇനി റേഷന്‍ കടയില്‍ പോകേണ്ട : സാധനങ്ങള്‍ വീട്ടിലെത്തും

ചെന്നെ:സംസ്ഥാനത്തെ മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിക്കാരുമായ 21 ലക്ഷം ഗുണഭോക്താക്കളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് പുത്തന്‍ പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍, ഇവര്‍ക്കുള്ള റേഷന്‍ സാധനങ്ങള്‍ ഇനി മുതല്‍ വീട്ടിലെത്തിക്കും. മുഖ്യമന്ത്രിയുടെ ‘തായുമാനവര്‍ പദ്ധതി’ക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ തുടക്കം കുറിച്ചു. അരിയും പഞ്ചസാരയുമടക്കമുള്ള വസ്‌തുക്കളാണ് ഗുണഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കുകയെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എഴുപത് വയസിന് മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിക്കാര്‍ഡ് ഉടമകളുമായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്‍. 20.42 ലക്ഷം മുതിര്‍ന്ന പൗരന്‍മാര്‍ക്കും 1.27ലക്ഷം ഭിന്നശേഷിക്കാര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.ഗുണഭോക്താക്കള്‍ക്കുള്ള റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാന്‍ പ്രത്യേകം ജീവനക്കാരെ ചുതലപ്പെടുത്തും. ഇതിനായി ഇലക്‌ട്രോണിക് തൂക്ക ഉപകരണവും ഇപോസ് മെഷീനും നല്‍കും. സര്‍ക്കാരിന് ഈ പദ്ധതിക്കായി 30.16 കോടി ചെലവ് വരുമെന്നാണ് വിലയിരുത്തല്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ക്ഷേമമാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.