“സമരത്തിന് പിന്നില്‍ പാട്ട പിരിവുകാർ” : ആശാവർക്കർമാരെ പരിഹസിച്ച്‌ എളമരം കരീം

0

തിരുവനന്തപുരം : സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാവർക്കർമാരുടെ സമരത്തെ പരിഹസിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരത്തിന് പിന്നില്‍ പാട്ട പിരിവുകാരെന്നാണ് ആക്ഷേപം.
ആര്‍ക്കുവേണ്ടിയാണ് ഈ സമരനാടകം എന്ന പേരില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എളമരം കരീം ആശ വര്‍ക്കേഴ്‌സിനെ തള്ളിപ്പറഞ്ഞിരുന്നു. പിന്നാലെയാണ് പാട്ടപ്പിരിവുകാര്‍ എന്ന ആക്ഷേപം.

ആശ വര്‍ക്കേഴ്‌സിന്റെ പൊതുവായ താത്പര്യത്തിന് വേണ്ടി സംഘടിപ്പിക്കുന്നതല്ല. ഇത് രാഷ്ട്രീയ പ്രേരിതമായ സമരമാണ്. അതില്‍ നിന്ന് അതിവേഗം അവര്‍ പിന്തിരിയണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇവിടെ ചില പാട്ടപ്പിരിവ് സംഘക്കാരുണ്ട്. അവരാണ് അതിന്റെ പിന്നില്‍. പേര് ഞാന്‍ പറയുന്നില്ല. പാട്ടപ്പിരിവാണ് അവരുടെ ഉപജീവനമാര്‍ഗം. അതിനുള്ള വഴിയുണ്ടാക്കുകയാണ് – അദ്ദേഹം പറഞ്ഞു.ആശ വര്‍ക്കര്‍മാരെ അധിക്ഷേപിക്കുന്നവര്‍ക്കൊപ്പമല്ല താനെന്ന് സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞു.സമരക്കാരുമായി ചര്‍ച്ച നടത്തണമെന്നും ആനിരാജ പറഞ്ഞു.കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കൂടിയാലോചിച്ച് സമരത്തില്‍ പ്രശ്‌നപരിഹാരം കാണണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സമരവേദിയില്‍ ഇന്ന് സിനിമാതാരം രഞ്ജിനി, കൊടിക്കുന്നില്‍ സുരേഷ് എം.പി തുടങ്ങിയവര്‍ പിന്തുണയുമായി എത്തി. സമരം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ആശാവര്‍ക്കേഴ്‌സ് തീരുമാനിച്ചു. ഈ മാസം 27ന് ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലും 28ന് കോഴിക്കോടും സമരത്തിന് തീരുമാനിച്ചിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *