സ്വർഗ്ഗവാതിൽ ഏകാദശി: 2025 ജനുവരി 10 വെള്ളിയാഴ്ച

0

ഏകാദശികളിൽ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്. ഈ വർഷത്തെ സ്വര്ഗ്ഗവാതിൽ ഏകാദശി 2025 ജനുവരി 10 വെള്ളിയാഴ്ചയാണ് ആചരിക്കുന്നത്. വൈഷ്ണവർക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണ്. വിഷ്ണുഭഗവാൻ വൈകുണ്ഠത്തിലേക്കുള്ള വാതിൽ തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാൽ അന്ന് മരിക്കുന്നവർക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിച്ചുവരുന്നു. മിക്ക വൈഷ്ണവക്ഷേത്രങ്ങളിലും ഈ ദിവസം പ്രധാനമാണ്. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, തൃശൂരിലെ തിരുവമ്പാടി, പെരിങ്ങാവ് ധന്വന്തരി, നെല്ലുവായ് ധന്വന്തരിക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇത് ആഘോഷ ദിവസമാണ്.

ക്ഷേത്രത്തിലെ ഒരു വാതിലിൽ കൂടി കടന്ന് മറ്റൊരു വാതിൽ വഴി പുറത്തു വരുന്നത് സ്വർഗ്ഗവാതിൽ ഏകാദശിയുടെ പ്രധാന ചടങ്ങാണ്. അതിലൂടെ സ്വർഗത്തേക്കാൾ ശ്രേഷ്ഠമായ വൈകുണ്ഠത്തിലൂടെ കടന്ന് പോകുന്നു എന്നാണ് വിശ്വാസം. സ്വർഗ്ഗവാതിൽ ഏകാദശിവ്രതം അനുഷ്ഠിച്ചാൽ ഐശ്വര്യലബ്ധി രോഗശമനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം. ശ്രീരംഗം, തിരുപ്പതി, ഗുരുവായൂർ തുടങ്ങി എല്ലാ വൈഷ്ണവദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു.

സ്വര്ഗ്ഗവാതിൽ ഏകാദശി നാളിൽ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിനകത്തുള്ള ഒരു പ്രത്യേക വാതിൽ അലങ്കരിച്ച് സ്വര്ഗ്ഗവാതിലായി കണക്കാക്കി രാത്രി എട്ട് മണിക്ക് പ്രത്യേക പൂജകളും മറ്റും നടത്തുന്നു. അതിനു ശേഷം എട്ടര മണിക്ക് നടക്കുന്ന ശീവേലിയിൽ ഭഗവാനെ സിംഹാസന വാഹനത്തിൽ എഴുന്നള്ളിക്കുന്നതാണ് മറ്റൊരു പ്രധാന ചടങ്ങ്. ഈ ദിവസം തിരുവിതാംങ്കൂർ മഹാരാജാവ് കുടുംബാംഗങ്ങളുമൊത്ത് ദര്ശനത്തിനെത്തും.

ഭഗവാൻ കൃഷ്ണൻ സതീർത്ഥ്യനായിരുന്ന കുചേലൻറെ അവിൽപ്പൊതി പങ്കുവച്ച് കുചേലനെ കുബേരനാക്കിയ ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശിയെന്നും, കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന് വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവത്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്നുമാണ് വിശ്വാസം. അതിനാൽ സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്സവദിനമായും ആഘോഷിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *